• admin

  • January 10 , 2020

: വാഷിങ്ടണ്‍: ടെഹ്റാനില്‍ നിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈന്‍ വിമാനം ഇറാന്റെ മിസൈല്‍ പതിച്ച് തകര്‍ന്ന് വീണതാണെന്ന് ആരോപിച്ച് യുഎസിന് പുറമേ കാനഡയും യു.കെയും. ഇത് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. വിമാനത്തില്‍ 63 കാനേഡിയന്‍ സ്വദേശികളുണ്ടായിരുന്നു. 'ഇത് മനഃപൂര്‍വ്വമായിരിക്കില്ലെന്ന് ഞങ്ങക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കനേഡിയന്‍ ജനതക്കും തനിക്കും ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്' ട്രൂഡോ പറഞ്ഞു. വിമാനം ഇറാന്‍ മിസൈല്‍ പതിച്ച് തകര്‍ന്ന് വീണതാണെന്ന് രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിന് പിന്നാലെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ട്രൂഡോയുടെ പ്രസ്താവനക്ക് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രംഗത്തെത്തി. അപകടത്തില്‍ അസ്വാഭാവികതയുണ്ടെന്നും അതേ സമയം തന്നെ മനഃപുര്‍വ്വമായിരിക്കാന്‍ സാധ്യതയില്ലെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് വൃത്തങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിമാനത്തിന് എന്ത് സംഭവിച്ചു എന്നതില്‍ തനിക്ക് സംശയുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചു. അപകടം അന്വേഷിക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായി ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു. യുക്രൈന്‍ പ്രതിനിധി നിലവില്‍ ഇറാനിലുണ്ട്. അവര്‍ക്ക് ബ്ലാക്ക് ബോക്സ് പരിശോധന നടത്താന്‍ അവസരം നല്‍കും. അപകടത്തില്‍ മരിച്ച മറ്റു രാജ്യക്കാരുടെ പ്രതിനിധികളേയും സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട യുഎസിന്റെ ആരോപണം വലിയ നുണയാണെന്നും അവര്‍ക്ക് നുണ പ്രചരിപ്പിക്കാന്‍ മികച്ച കഴിവുണ്ടെന്നും ഇറാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ബുധനാഴ്ച ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനം തകര്‍ന്നുവീണത്. പറന്നുയര്‍ന്നയുടന്‍ വിമാനത്തിന് സാങ്കേതികത്തകരാര്‍ ഉണ്ടായെന്നാണ് ഇറാന്‍ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാഖിലെ യുഎസ് വ്യോമ കേന്ദ്രങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു വിമാനാപകടം.