• admin

  • January 4 , 2020

തൃശൂര്‍ : സി.വി.ഷിബു. തൃശൂര്‍: മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷകര്‍ ശ്രദ്ധയൂന്നണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പ് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മൂല്യവര്‍ദ്ധനവിന് വേണ്ടി കാര്‍ഷിക ഉല്പന്നങ്ങള്‍ സൂക്ഷിച്ച് വെക്കുന്നതിന് കൂടുതല്‍ സ്റ്റോറുകള്‍ വേണം, മൂല്യവര്‍ദ്ധനവിനെക്കുറിച്ച് ആധുനിക വിജ്ഞാനം കര്‍ഷകര്‍ സ്വായത്തമാക്കണം. , അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കണം, പരിശീലനം, വിപണനം, അഗ്രോ പാര്‍ക്കുകള്‍, അഗ്രി മേഖലകള്‍ ,കാര്‍ഷിക ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവക്ക് പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വലുതും ആധുനികവുമായ കാര്‍ഷികോല്‍പ്പന്ന സംസ്‌ക്കരണ സംവിധാനം കേരളത്തില്‍ ഉണ്ടാവണമെന്നും അതിനായി കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നൈപുണ്യവികസനത്തില്‍ കാലാനുസൃതമായ പുരോഗതിയും കൈവരിക്കുക, 'പതിവായ വിജ്ഞാനവും പരിശീലനവും കരസ്ഥമാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. 350 സ്റ്റാറ്റാളുകള്‍ ഒരുക്കിയ വൈഗയില്‍ കാശ്മീരിലെയും ആന്‍ഡമാന്‍ നിക്കോബാറിലെയും തമിഴ്‌നാട്ടിലെയുമെല്ലാം കര്‍ഷകരെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടന്ന് പറഞ്ഞ ഗവര്‍ണര്‍ എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്ന് വ്യതിചലിച്ച് കശ്മീരിനെക്കുറിച്ച് വാചാലനായി. നാലാം തവണയും വൈഗ വിജയകരമായി സംഘടിപ്പിച്ചതിന് കൃഷി മന്ത്രിയെയും കൃഷി വകുപ്പിനെയും സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.