• admin

  • July 4 , 2021

തിരുവനന്തപുരം :

ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എൽഡിഎഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കിറ്റക്സ് വിഷയത്തിലടക്കം സർക്കാർ വ്യാപകമായി വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ട്വിറ്ററിൽകൂടി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആർപിജി എന്റർപ്രൈസിസ് ചെയർമാൻ ഹർഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദിപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചതിന് നന്ദിയെന്നും നിങ്ങളുടെ സത്യസന്ധതയെ വളരെയധികം വിലമതിക്കുന്നുവെന്നും ഹർഷ് ഗോയങ്കയെ ടാഗ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾ കേരളത്തിലെ ഏറ്റവും വലിയ തൊഴിലുടമകളാണെന്നും പ്രാദേശിക ഭരണകൂടം നല്ല പിന്തുണയാണ് നൽകുന്നതെന്നുമായിരുന്നു ഗോയങ്ക ട്വീറ്റ് ചെയ്തത്.

നേരത്തെ സർക്കാരിനെതിരേ വിമർശവുമായി കിറ്റക്സ് ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തുള്ള വ്യവസായങ്ങളെ തകർക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കിറ്റെക്സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ് ആരോപിച്ചിരുന്നു. തന്റെ വ്യവസായത്തിന് ബാധകമല്ലാത്ത പല നിയമങ്ങളും ചൂണ്ടിക്കാണിച്ചാണ് ചട്ട ലംഘനം നടത്തിയെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകൾ ജോലിചെയ്യുന്ന ഒരു ഫാക്ടറിയെ നശിപ്പിക്കാനാണ് ഇങ്ങനെയൊരു നീക്കമെന്നും കിറ്റക്സ് ആരോപിച്ചിരുന്നു. സ്ഥാപനത്തിൽ ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരുമായി ചേർന്ന് കേരളത്തിൽ നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയിൽ നിന്ന് കിറ്റക്സ് പിന്മാറിയിരുന്നു. സർക്കാരിനെതിരേ കടുത്ത വിമർശനങ്ങളും കിറ്റക്സ് ഉയർത്തിയിരുന്നു.