• Lisha Mary

  • March 8 , 2020

മാരായമുട്ടം : പൊതുവിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുകയല്ല, കൂടുതലായി എത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനമാകെ പൊതുവിദ്യാലയങ്ങള്‍ വലിയതോതില്‍ മാറുന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. മാരായമുട്ടം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിര്‍മിച്ച അന്തര്‍ദേശീയ നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാലങ്ങളിലുണ്ടാകുന്ന മാറ്റം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമുള്‍പ്പെടെ നാടിനാകെ ബോധ്യമായി. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അധിഷ്ഠിതമായാണ് വിദ്യാലയങ്ങളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നത്. പുതിയ സാഹചര്യത്തില്‍ അധ്യാപകരും വലിയതോതില്‍ മാറി. ഇതിന്റെ ഗുണഫലം ആത്യന്തികമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നെന്ന് അധ്യാപകര്‍ ഉറപ്പാക്കണം. അക്കാദമികരംഗം മാത്രമല്ല സ്‌കൂള്‍ മേളകളും കലാ, കായിക, ശാസ്ത്ര ഉത്സവങ്ങളായി മാറി. മാതൃഭാഷ പോലെ ഹിന്ദിയും ഇംഗ്‌ളീഷും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനാണ് ശ്രമം. പുസ്തകങ്ങള്‍ക്കൊപ്പം പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന ചിന്ത കുട്ടികളില്‍ വളര്‍ത്താന്‍ ജൈവവിദ്യാലയങ്ങളൊരുക്കി. ഐ.ടി അധിഷ്ഠിത പഠനപ്രക്രിയക്ക് വലിയ പ്രോത്സാഹനം നല്‍കി. പാഠപുസ്തകം വൈകുന്ന നില ഇപ്പോഴില്ല. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ ഇതിനകം വിതരണം തുടങ്ങി. കുട്ടികള്‍ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന പുസ്തകങ്ങളുടെ ഭാരം കുറയ്ക്കാന്‍ പുസ്തകങ്ങള്‍ മൂന്നു വാല്യങ്ങളാക്കി. വിദ്യാഭ്യാസമേഖലയില്‍ മുമ്പെങ്ങുമില്ലാത്ത പുരോഗതി സൃഷ്ടിക്കാനായതിനാലാണ് വിദ്യാഭ്യാസ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്. നാളത്തെ തലമുറയോടുള്ള കരുതലാണ് ഈ നടപടികള്‍. 150 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മാരായമുട്ടം സ്‌കൂള്‍ പുതിയ സംവിധാനങ്ങളോടെ ഇനിയും ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് പ്രൊഫ: വി. മധുസൂദനന്‍ നായരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. സര്‍ക്കാര്‍ ഫണ്ടും എം.എല്‍.എ ആസ്തി വികസന ഫണ്ടും സമന്വയിപ്പിച്ച് ആറ് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കിയത്. 30,000 സ്‌ക്വയര്‍ ഫീറ്റിലായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തില്‍ 18 ക്ലാസ് മുറികളുണ്ട്. ഡൈനിംഗ് ഹാള്‍, അടുക്കള, സിക്ക് റൂം, സ്റ്റോര്‍ റൂം, ശുചിമുറി, രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍, രണ്ട് മള്‍ട്ടിമീഡിയ റൂമുകള്‍, രണ്ട് സെമിനാര്‍ ഹാളുകള്‍, മൂന്ന് സയന്‍സ് ലാബുകള്‍, ഓഫീസ് സമുച്ചയം, ടോയ്ലറ്റ് ബ്ലോക്ക്, ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എല്‍.പി വിഭാഗത്തില്‍ ഒരു കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മ്മാണം പുരോഗമിക്കുകയാണ്. നെയ്യാറ്റിന്‍കര പെരുങ്കടവിള പഞ്ചായത്തിലുള്ള സ്‌കൂള്‍ 1957ലാണ് ഹൈസ്‌കൂളായത്. തുടര്‍ന്ന് 2001ല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗവും ആരംഭിച്ചു.