• admin

  • January 4 , 2020

കൊച്ചി : കൊച്ചി: മരട് ഫ്‌ലാറ്റുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരംതന്നെ പൊളിക്കാന്‍ അധികൃതരുടെ യോഗത്തില്‍ തീരുമാനമായി. സബ് കല്ക്ടറും സിറ്റി പൊലീസ് കമ്മീഷണറും യോഗത്തില്‍ പങ്കെടുത്തു. ഇതനുസരിച്ച് ഈ മാസം 11ന് എച്ച്2ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നിവയും 12ന് ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയും പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്. ആദ്യം പൊളിക്കുന്ന എച്ച്2ഒ ഫ്‌ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി. അങ്കമാലി മഞ്ഞപ്രയില്‍ നിന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി എത്തിച്ച സ്ഫോടക വസ്തുക്കള്‍ ആണ് എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്‌ലാറ്റില്‍ പുലര്‍ച്ചെ മുതല്‍ നിറച്ചു തുടങ്ങിയത്. കാര്‍ഡ് ബോഡ് പെട്ടിയില്‍ പൊതിഞ്ഞു അതീവ സുരക്ഷയിലാണ് സ്ഫോടക വസ്തുക്കള്‍ ഫ്ലാറ്റിനുള്ളിലേക്ക് കൊണ്ട് പോകുന്നത്. എച്ച്2ഒ പൊളിക്കുന്ന ജെറ്റ് ഡെമോളിഷന്‍ കമ്പനിയുടെ വിദേശത്തു നിന്നുള്ള തൊഴിലാളികള്‍ക്കാണ് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ചുമതല. പൂര്‍ണമായും നിറച്ചതിന് ശേഷം സ്ഫോടനം നടത്തുന്നതിന്റെ തലേ ദിവസം മാത്രമേ ഇവ ഡിറ്റണേറ്ററുകളുമായി ബന്ധിപ്പിക്കുകയുള്ളു. സ്ഫോടനത്തിന്റെ പ്രകമ്പനം പഠിക്കാന്‍ മദ്രാസ് ഐഐടി സംഘം മരടിലെത്തിയിട്ടുണ്ട്. പ്രകമ്പനം അളക്കാന്‍ പൊളിക്കുന്ന ഫ്‌ലാറ്റുകള്‍ക്കു ചുറ്റും പത്തിടങ്ങളില്‍ സംഘം ഉപകരണങ്ങള്‍ സ്ഥാപിക്കും. ആക്സിലെറോ മീറ്ററും സ്ട്രെയിന്‍ ഗേജസുമാണ് സ്ഥാപിക്കുന്നത്. ഫ്ലാറ്റുകള്‍ക്കു ചുറ്റുമുള്ള വീടുകളുടെ കാലപ്പഴക്കവും നിര്‍മാണ രീതിയുമെല്ലാം നിര്‍ണായകമാണെന്നു സംഘം വ്യക്തമാക്കി.