മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:മുണ്ടക്കൈ ദുരന്തത്തിൽ കടബാധ്യതയുള്ളവരെ കണ്ടെത്താനുള്ള പട്ടിക ലീഡ് ബാങ്കിന് നൽകി

വയനാട് : മുണ്ടക്കൈ ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട ദുരന്ത ബാധിതരിൽ കട ബാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ദുരന്ത ബാധിതരുടെ പട്ടിക ലീഡ് ബാങ്കിന് കൈമാറിയതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.ദുരന്ത ബാധിതർക്ക് സർക്കാർ അനുവദിച്ച ധനസഹായത്തിൽ നിന്നും കേരള ഗ്രാമീൺ ബാങ്കിന്റെ വെള്ളരിമല ശാഖ വായ്പ തിരിച്ചുപിടിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.കേരള ഗ്രാമീൺ ബാങ്ക്, സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും വായ്പ കുടിശിക ഈടാക്കിയ സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ കളക്ടർ വിശദീകരണം സമർപ്പിച്ചത്.ദുരന്തബാധിതർക്ക് ലഭിക്കുന്ന ധനസഹായത്തിൽ നിന്നും ലോൺ ഇനത്തിലുള്ള കുടിശിക പിരിക്കരുതെന്ന് എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകാൻ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.കേരള ഗ്രാമീൺ ബാങ്ക് വെള്ളരിമല ശാഖയിൽ നിന്നും 931 ലോൺ അക്കൗണ്ടുകളിലായി 15.44 കോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 131 ഉപഭോക്താക്കൾക്കാണ് സർക്കാർ ധനസഹായം ലഭിച്ചിട്ടുള്ളത്. 131 ഉപഭോക്താക്കളിൽ റീന, മിനിമോൾ, റഹിയാനത്ത് എന്നിവരിൽ നിന്നാണ് വായ്പ കുടിശിക ഈടാക്കിയത്. ഇതിൽ റഹിയാനത്തിന് സർക്കാർ ധനസഹായം ലഭിച്ചില്ല. ഇവർ ബാങ്കിൽ നൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശിക ഈടാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ബാങ്ക് ഈടാക്കിയ തുക ഓഗസ്റ്റ് 18 ന് അക്കൗണ്ടുകളിലേക്ക് മടക്കി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *