• admin

  • January 6 , 2020

പമ്പ : പമ്പ: മകരവിളക്ക് പ്രമാണിച്ച് 15 നു പതിനെട്ടാംപടി കയറുന്നതിനും പമ്പയില്‍ നിന്നു സന്നിധാനത്തേക്കു പോകുന്നതിനും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. 15ന് ഉച്ചപൂജ കഴിഞ്ഞ് നട അടച്ചു കഴിഞ്ഞാല്‍ തിരുവാഭരണ ഘോഷയാത്ര എത്തി ദീപാരാധനയും മകരജ്യോതി ദര്‍ശനവും കഴിയും വരെ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ക്കാണ് പതിനെട്ടാംപടി അടച്ചിടുന്നത്. 15 ന് ഉച്ചയ്ക്കു ശേഷം പമ്പയില്‍ നിന്നു സന്നിധാനത്തേക്കു തീര്‍ത്ഥാടകരുടെ മലകയറ്റത്തിനും കര്‍ശന നിയന്ത്രണം ഉണ്ട്. തിരുവാഭരണ ഘോഷയാത്ര കടന്നു പോകാന്‍ വഴി ഒരുക്കുന്നതിനും അതിനു ശേഷം മകരജ്യോതി കാണാനായി നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളില്‍ അയ്യപ്പന്മാര്‍ കാത്തു നില്‍ക്കും. അതിനാലാണു നിയന്ത്രണം. 15ന് എരുമേലി - പമ്പ, വടശേരിക്കര-പമ്പ റൂട്ടുകളില്‍ വാഹന നിയന്ത്രണവും ഉണ്ട്. 15ന് ഉച്ചയ്ക്ക് 12ന് മുന്‍പു പമ്പയില്‍ എത്താന്‍ കഴിയുന്ന വാഹനങ്ങള്‍ മാത്രമേ എരുമേലി, പത്തനംതിട്ട, വടശേരിക്കര എന്നിവിടങ്ങളില്‍നിന്നു കടത്തിവിടുകയുളളൂ.