• admin

  • January 20 , 2020

നെടുമ്പാശ്ശേരി : പഞ്ചായത്തിലെ ‘ഭായി’ മാരെല്ലാം പരീക്ഷാ ചൂടിൽ വിയർത്തു. പേരും വീട്ടു പേരും രാജ്യവും സംസ്ഥാനവും മലയാളത്തിൽ എഴുതാൻ ചിലർക്ക് ചെറിയ തടസം നേരിട്ടെങ്കിലും പിന്നീട് എഴുതിയൊപ്പിച്ചു. മലയാളം പഠിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മികവുത്സവത്തിലാണ് ഇന്നലെ ഇവർ പരീക്ഷയെഴുതാൻ എത്തിയത്. മൂന്ന് കേന്ദ്രങ്ങളിലായി 105 പേർ പരീക്ഷയെഴുതി. പൊയക്കാട്ടുശ്ശേരി ഗവ.എൽ.പി.സ്കൂ സ്കൂളിൽ 25 പേരാണ് പരീക്ഷക്കെത്തിയത്. ഭൂരിഭാഗം പേരും പശ്ചിമബംഗാൾ സ്വദേശികൾ. കൂട്ടത്തിൽ റിപ്പോൺ മണ്ഡാരി പത്താം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. കൊൽക്കത്ത സ്വദേശിയായ മണ്ഡാരിക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാം. പലരും നാട്ടിലെ സ്കൂളിൽ ചെറിയ ക്ലാസുകളിൽ പോയിട്ടുണ്ട്‌. പക്ഷേ പരീക്ഷയെ അഭിമുഖീകരിക്കുന്നത് ആദ്യം. ഇതര സംസ്ഥാനക്കാരെ മലയാളത്തിൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പിലാക്കി വരുന്ന ചങ്ങാതി പദ്ധതിയുടെ രണ്ടാം ഘട്ടം പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ പരീക്ഷ (മികവുത്സവം) യാണ് നടന്നത്. . പഠിതാക്കൾ താമസിക്കുന്ന ക്യാമ്പുകളിലും, വായനശാലകളിലും എത്തി 4 ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ വൈകുന്നേരം 7 മുതൽ ക്ലാസ്സുകൾ നൽകിയിരുന്നു. നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ യാണ് പദ്ധതി നടപ്പിലാക്കിയത്. രാവിലെ 10 മുതൽ ഒന്നു വരെയായിരുന്നു പരീക്ഷ സമയം. ജി എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി, മേയ്ക്കാട് അംഗനവാടി, നെടുമ്പാശ്ശേരി വായനശാല എന്നിവയായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. പരീക്ഷ വിജയിക്കുന്നവർക്ക് സംസ്ഥാന സാക്ഷരത മിഷൻ സർട്ടിഫിക്കറ്റ് നൽകും. മാതൃക പദ്ധതിയായി ഒന്നാം ഘട്ടത്തിൽ പെരുമ്പാവൂർ നഗരസഭയിൽ ചങ്ങാതി പദ്ധതി നടപ്പിലാക്കിയിരുന്നു. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ മികവുത്സവം ഉദ്ഘാടനം ചെയ്തു.