• admin

  • January 12 , 2020

: കോഴിക്കോട് : ആര്‍എസ്എസിന്റെ മനസിലിരിക്കുന്നത് നടപ്പാക്കിക്കൊടുക്കാനല്ല കേരളത്തിലെ സര്‍ക്കാരെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ഭരണഘടന സംരക്ഷണ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എല്ലാവിഭാഗം ജനങ്ങളുടെയും സുരക്ഷിത കോട്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കും മുമ്പുണ്ടായിരുന്ന മുഗള്‍രാജവംശത്തെ വിമര്‍ശിക്കുന്ന ആര്‍എസ്എസുകാര്‍ ബ്രിട്ടീഷുകാരെ വിമര്‍ശിച്ചതായിട്ട് ആരും കേട്ടിട്ടില്ല. മോഡി സര്‍ക്കാര്‍ ആര്‍എസ്എസ് നയം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഭരണഘടനാമൂല്യങ്ങളോട് താല്‍പര്യം കാണിക്കുന്നില്ല. ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമം പാര്‍ലമെന്റിനുള്ളില്‍ തന്നെ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണ് കാണുന്നത്. മുസ്ലീം വിഭാഗത്തെ പ്രത്യേക ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ കാണുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനസംഖ്യാ രജിസ്റ്റര്‍ വലിയ ചതിക്കുഴിയാണ്. പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നത്. ഇത് മുസ്ലീമിന്റെ മാത്രം പ്രശ്നമല്ലെന്നും മതനിരപേക്ഷതയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലെ തടങ്കല്‍ ജീവിതം അനുഭവിച്ചവരാണ് നമ്മുടെ നാട്ടിലുള്ളവര്‍. അവിടെ ത്യാഗജീവിതം നയിച്ചവരാണവര്‍. എന്നാല്‍ ആര്‍എസ്എസ് പുകഴ്ത്തുന്ന സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സേവിക്കാന്‍ സന്നദ്ധതയറിയിച്ച് മാപ്പെഴുതി നല്‍കി. നികുതി നിഷേധ സമരം നയിച്ച ഉമര്‍ ഖാസിയെ വിസ്മരിച്ച് സ്വാതന്ത്ര്യസമരത്തെ കാണാനാവില്ല. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മമ്പറം ഫസല്‍ പൂക്കോയ തങ്ങളെയും ഒഴിവാക്കി നമ്മുടെ നാടിന്റെ ചരിത്രത്തെ കാണാനാകില്ല. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കുഞ്ഞാലിമരയ്ക്കാറുടെയും പിന്‍മുറയ്ക്കാര്‍ ഈ രാജ്യത്ത് നിന്ന് ആട്ടിപ്പായിക്കേണ്ടവരാണെന്ന് പറഞ്ഞാല്‍ അല്ല എന്ന് പറയാന്‍ ഈനാടിന്റെ എല്ലാ ഭാഗവും തയാറാവുമെന്നും പിണറായി പറഞ്ഞു.