• Lisha Mary

  • March 18 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം. ബാറുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ടേബിളുകള്‍ അകറ്റിയിടുക, അണുവിമുക്തമാക്കുക, വായുസഞ്ചാരം ലഭിക്കുന്ന രീതിയില്‍ കൗണ്ടറുകള്‍ തുറക്കുക തുടങ്ങിയ ക്രമീകരണങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ ആരും തന്നെ ബാറുകള്‍ അടയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബാറുകള്‍ അടയ്ക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു കൊറോണ വൈറസ് വ്യാപനവുമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി. വൈറസ് വ്യാപനം അടുത്തഘട്ടത്തിലേക്ക് കടന്നാല്‍ നിലവിലെ സംവിധാനങ്ങള്‍ മതിയാകില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തി. സംസ്ഥാനത്ത് കൊറോണ മേല്‍നോട്ടത്തിന് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സമതിയ്ക്ക് രൂപം നല്‍കും. ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ സമയം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.