• admin

  • January 8 , 2020

: ന്യൂഡല്‍ഹി : അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുവാഹത്തി സന്ദര്‍ശനം റദ്ദാക്കി. വെള്ളിയാഴ്ച ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യാനും പ്രധാനമന്ത്രി എത്തില്ല. അസമില്‍ പ്രധാനമന്ത്രിക്ക് സന്ദര്‍ശനം നടത്തുന്നതിന് ഒട്ടും അനുകൂലമല്ലാത്ത സ്ഥിതിയാണെന്ന ഇന്റലിജന്‍സ് വൃത്തങ്ങളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം റദ്ദാക്കിയത്. ഇത് രണ്ടാം തവണയാണ് അസമില്‍ നടത്താനിരുന്ന പരിപാടി പൗരത്വ ഭേദഗതിയ്ക്കെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കുന്നത്. നേരത്തെ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയും റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വഭേദഗതിയ്ക്കെതിരായി അസമിലും ഗുവാഹാട്ടിയിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.