• admin

  • March 2 , 2020

:

പ്രമേഹം ചര്‍മത്തെ ബാധിച്ചെങ്കില്‍ അയാളുടെ ഗ്ലൂക്കോസ് നില വളരെക്കൂടുതലാണെന്ന് ഉറപ്പിക്കാം. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്.

1. മഞ്ഞ, ചുവപ്പ് അല്ലെങ്കില്‍ തവിട്ടുനിറത്തിലുള്ള ശല്‍ക്കങ്ങള്‍

ഇവ മുഖക്കുരുവിന് സമാനമായ രീതിയില്‍ തുടങ്ങി, കട്ടിയേറിയ മുഴയായി മാറുന്നു. ശല്‍ക്കങ്ങള്‍ക്കിടയില്‍ രക്തക്കുഴലുകള്‍ കാണാനാകും. ചൊറിച്ചിലും വേദനയും ഉണ്ടാകും.

2. ചില ചര്‍മഭാഗങ്ങള്‍ വെല്‍വെറ്റ് പോലെ അനുഭവപ്പെടുക

കഴുത്ത്, കൈ തുടങ്ങിയ ഭാഗങ്ങള്‍ക്ക് ചുറ്റിലും തൊടുമ്പോള്‍ വെല്‍വെറ്റ് പോലെ തോന്നുകയാണെങ്കില്‍ നിങ്ങളുടെ രക്തത്തില്‍ ഇന്‍സുലിന്‍ കൂടുതലാണെന്ന് ഉറപ്പിക്കാം. അടിയന്തരമായി രക്തം പരിശോധിച്ച് പ്രമേഹനിര്‍ണയം നടത്തണം.

3. ഉറച്ച, കട്ടിയേറി ചര്‍മം

കാലിലെയും കൈയിലേയും വിരലുകളിലാണ് ഇതുണ്ടാകുന്നത്. വിരലുകള്‍ക്ക് പുറകിലെ ചര്‍മം കൂടിച്ചേര്‍ന്ന് മെഴുകുപോലെ കാണപ്പെടുന്നു. പ്രമേഹം നിയനത്രണവിധേയമല്ലെങ്കില്‍ ഇതൊരു കല്ലെന്നോണം രൂപപ്പെടും. ഓറഞ്ചിന്റെ തൊലിക്ക് സമാനമായ രൂപത്തിലാകുന്ന ഇത് കൈകാലുകള്‍ നിവര്‍ത്തുന്നതിനും ചലിപ്പിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും.

4. പരുക്കള്‍

പ്രമേഹമുള്ളവരില്‍ വളരെപ്പെട്ടെന്ന് പരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കാല്‍പാദം, കൈവെള്ള തുടങ്ങിയ ഇടങ്ങളിലാണ് ഇത് കാണുക. പൊള്ളലേറ്റശേഷം പ്രത്യക്ഷപ്പെടുന്ന പരുക്കള്‍ക്ക് സമാനമാനമാവും ഇവ. എന്നാല്‍ വേദനയുണ്ടാകില്ല.

5. ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍

പ്രമേഹബാധയുള്ളവര്‍ക്ക് ചര്‍മത്തില്‍ അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ചൂടേറി വീര്‍ത്ത ചര്‍മം, ചൊറിച്ചിലോടുകൂടിയ പാടുകള്‍, ചെറിയ പരുക്കള്‍, വരണ്ട ചര്‍മം, ജനനേന്ദ്രിയഭാഗത്ത് പൂപ്പല്‍ബാധയും വെള്ളനിറത്തിലുള്ള ഡിസ്ചാര്‍ജും എന്നിവയാണ് ലക്ഷണങ്ങള്‍.

6. തുറന്ന വ്രണങ്ങളും മുറിവുകളും

പ്രമേഹമുള്ളവര്‍ക്ക് രക്തയോട്ടം കുറയുകയും ഞരമ്പുകള്‍ക്ക് കേടുണ്ടാകുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ രക്തയോട്ടം കുറയുമ്പോള്‍ മുറിവുണ്ടായാല്‍ അതുണങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും, പ്രത്യേകിച്ച് കാലുകളില്‍. ഇത്തരത്തിലുള്ള തുറന്ന മുറിവുകളെയാണ് ഡയബറ്റിസ് അള്‍സേഴ്‌സ് എന്നുപറയുന്നത്.

7. ഷിന്‍ സ്‌പോട്ട്‌സ്

ചര്‍മത്തില്‍ കുത്തോ വരയോ പോലെ കാണപ്പെടുന്ന അവസ്ഥയാണിത്. സാധാരണ കാലിലാണിത് കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ചിലപ്പോള്‍ കൈകളിലും തുടയിലും മറ്റും ഇവ പ്രത്യക്ഷപ്പെടാറുണ്ട്. 

8. ചുവന്നതോ മഞ്ഞയോ ആയ ചെറിയ കുരുക്കള്‍

സാധാരണയായി മുഖക്കുരുവെന്ന് തെറ്റിദ്ധരിക്കുകയാണ് പതിവ്. എന്നാലത് മഞ്ഞനിറത്തിലേക്ക് മാറുന്നതോടെ മുഖക്കുരുവല്ലെന്ന് ഉറപ്പാക്കാം. സാധാരണയായി കൈകാല്‍ മുട്ടുകള്‍ക്കിടയിലാണ് കാണുക. പ്രമേഹം നിയന്ത്രണവിധേയമാകുന്നതോടെ അപ്രത്യക്ഷമാകുകയും ചെയ്യും.

9. ചുവന്നതോ ചര്‍മത്തിന്റെ നിറത്തിലോ ഉള്ള മുഴകള്‍

ഇവ പ്രമേഹത്തോടനുബന്ധിച്ച് വരുന്ന ചര്‍മപ്രശ്‌നമാണോയെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈയവസ്ഥ പ്രമേഹബാധിതരല്ലാത്തവരിലും കാണപ്പെടാറുണ്ട്. എന്നിരുന്നാലും ഈ പ്രശ്‌നം കാണപ്പെടുന്നവര്‍ പ്രമേഹപരിശോധന നടത്താന്‍ ശ്രദ്ധിക്കണം. ചര്‍മത്തിന്റെ നിറത്തിലോ, ചുവപ്പ്, പിങ്ക്, നീല കലര്‍ന്ന പര്‍പ്പിള്‍ എന്നീ നിറങ്ങളിലോ ആണ് ഈ മുഴ പ്രത്യക്ഷപ്പെട്ടുക.

10. ഏറെ വരണ്ട ചൊറിച്ചിലുള്ള ചര്‍മം

പ്രമേഹമുള്ളയാളുകള്‍ക്ക് വരണ്ട ചര്‍മമായിത്തീരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം നിയന്ത്രണവിധേയമായിട്ടും ഈയവസ്ഥ തുടരുകയാണെങ്കില്‍ ചര്‍മരോഗവിദഗ്ധനെ ഉറപ്പായും കാണണം.

11. കണ്‍പോളക്ക് സമീപം മഞ്ഞ ശല്‍ക്കങ്ങള്‍

രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമാതീതമാകുമ്പോഴാണിവ പ്രത്യക്ഷപ്പെടുക. മാത്രമല്ല പ്രമേഹം ക്രമാതീതമാകുന്നു എന്നതിന്റെ സൂചന കൂടിയാണിത്. 

  12. സ്‌കിന്‍ ടാഗ്‌സ്

ചര്‍മം തൊങ്ങലെന്നപോലെ കാണപ്പെടുന്ന അവസ്ഥയാണിത്. വലിയ ഉപദ്രവകാരികളല്ലെങ്കിലും ടൈപ്പ് 2 പ്രമേഹത്തിന്റെ സുപ്രധാനലക്ഷണമാണിത്. സാധാരണയായി കണ്‍പോളകളിലും കഴുത്തിലും കക്ഷത്തിലും നാഭീപ്രദേശത്തുമൊക്കെയാണിവ കാണപ്പെടുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സാധാരണയായി ഉണ്ടാകുന്ന ചെറിയ ചര്‍മപ്രശ്‌നങ്ങളാണെങ്കിലും പ്രമേഹമുള്ളവര്‍ അത് അവഗണിക്കാതെ വിദഗ്‌ധോപദേശം തേടണം.
  • പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര ചികിത്സാനടപടി സ്വീകരിക്കണം.
  • ഡയബറ്റിസ് കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ മറ്റ് പരിശോധനകള്‍ നടത്താം