• admin

  • February 6 , 2020

ന്യൂഡൽഹി : ഗാന്ധിജി പ്രതിപക്ഷത്തിന് ഒരു സിനിമ ട്രെയിലർ മാത്രമാണെങ്കിൽ ബിജെപിക്ക് അദ്ദേഹം ജീവിതമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയാണു മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. സർക്കാർ എല്ലാം ഒരുമിച്ച് ചെയ്യുന്നത് എന്തിനെന്നാണ് ചിലർ ചോദിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞു. ഇനിയും പുരോഗതിക്കായി കാത്തിരിക്കാൻ രാജ്യത്തിനാവില്ല. ഒരു പുതിയ മാനസികാവസ്ഥയോടെ പ്രവർത്തിക്കാൻ രാഷ്ട്രം ആഗ്രഹിച്ചു. അതു കാരണമാണ് ഞങ്ങൾ ഇവിടെയിരിക്കുന്നത്. കോൺഗ്രസിന്റെ വേഗത്തിൽ പോയിരുന്നെങ്കിൽ രാമക്ഷേത്രം ഇന്നും തർക്കമായി നിലനിൽക്കുമായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കലും മുത്തലാഖ് ബില്ലും നടപ്പാകുമായിരുന്നില്ലെന്നും മോദി പറഞ്ഞു. പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സ്വാതന്ത്ര്യസമരം നാടകമാണെന്നും മഹാത്മാഗാന്ധി രാഷ്ട്രപിതാവല്ലെന്നുമുള്ള ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയുടെ പ്രസ്താവനയ്ക്കെതിരയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രധാനമന്ത്രിയുടെ സംസാരിക്കുന്നതിനിടെ ‘മഹാത്മാ ഗാന്ധി അമർ രഹേ’ മുദ്രാവാദ്യങ്ങളുമായി പ്രതിപക്ഷം പ്രതിരോധം തീർത്തു.