• admin

  • February 14 , 2020

തിരുവനന്തപുരം :

കേരളാ പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാര്‍. പേരൂര്‍ക്കട പൊലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്. 

രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പൊലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. രജിസ്റ്ററില്‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തി. വഞ്ചനയിലൂടെ പ്രതികള്‍ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്.ഐ.ആര്‍ പരാമര്‍ശിക്കുന്നു. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടില്ല.

വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നു എന്നാണ് പറയുന്നത്. പ്രതികള്‍ വഞ്ചന നടത്തിയെന്നടക്കമുള്ള ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും വിശദമായ അന്വേഷണങ്ങള്‍ നടന്നിട്ടില്ലെന്നാണ് കരുതുന്നത്. തിരുവനന്തപുരം എസ്.എ.ടി കമാന്‍ഡായിരുന്ന വ്യക്തിയുടെ പരാതിയിലാണ് 2019-ല്‍ പേരൂര്‍ക്കടപൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുറ്റവാളിയെന്ന് തെളിയും വരെ സനില്‍കുമാര്‍ തന്റെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി പറഞ്ഞു.