• admin

  • March 2 , 2020

ആലപ്പുഴ : പുനരുജ്ജിവന പാതയില്‍ കരിപ്പേല്‍ ചാലിനു കൈത്താങ്ങായി സര്‍ക്കാര്‍ ഇടപെടല്‍. മുപ്പതു വര്‍ഷമായി മലിനമായി കിടന്ന കരിപ്പേല്‍ ചാലിന്റെ പുനരുജ്ജീവനത്തിനായി ആസൂത്രണം ചെയ്തിരിക്കുന്നത് വലിയ രീതീയിലുള്ള പദ്ധതികളാണ്. പദ്ധതിയുടെ ഒന്നാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി അനുവദിക്കുമെന്നു ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളെകുറിച്ചു ചര്‍ച്ച ചെയ്യാന്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചാലിന്റെ പ്രധാന തോടുകള്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരിക്കും നവീകരിക്കുക. പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തുകളില്‍ കൂടി ഒഴുകുന്ന കരിപ്പേല്‍ ചാലിനു നിരവധി കൈവഴികള്‍ ഉണ്ട്. ഈ കൈവഴികളാകും ആദ്യം വൃത്തിയാക്കുക. കൈവഴികളുടെ നവീകരണ ഉദ്ഘാടനം അടുത്തയാഴ്ച നടത്താനും യോഗത്തില്‍ തീരുമാനമായി. മഴക്കാലത്തിനു മുന്‍പ് തന്നെ പ്രാധാന തോടുകളും വൃത്തിയാക്കും. പ്രദേശങ്ങള്‍ വാസയോഗ്യമാക്കുക, കൈവഴികളുടെ വൃത്തിയാക്കല്‍, സ്ഥലങ്ങള്‍ കൃഷിക്കനുയോജ്യമാക്കുക, മത്സ്യകൃഷിക്കനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഇവ ചെയ്യുക. രണ്ടും മൂന്നും ഘട്ടങ്ങളില്‍ ടൂറിസത്തിനു കൂടി പ്രാധാന്യം നല്‍കും. ചാലിന്റെ കൈവഴികളുടെയും തരിശു രഹിത പാടങ്ങള്‍ എന്നിവയുടെ കൃത്യമായ കണക്കെടുക്കാന്‍ കടക്കരപ്പള്ളി പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കൃഷി ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം ചേരും. കരിപ്പേല്‍ ചാലും അതിന്റെ കൈവഴികളും വൃത്തിയാക്കുന്നതിനായി ഊരാളുങ്കല്‍ സൊസൈറ്റിയാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേ റിപ്പോര്‍ട്ടും നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും മന്ത്രി തോമസ് ഐസക്കിനു മുന്നില്‍ അവതരിപ്പിച്ചു. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കേണ്ട വികസന റിപ്പോര്‍ട്ട് ആണ് അവതരിപ്പിച്ചത്. കരിപ്പേല്‍ ചാലിന്റെ ദുരവസ്ഥ മൂലം വെള്ളപ്പൊക്കാത്താല്‍ കഴിഞ്ഞ എട്ടു വര്‍ഷമായി മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ശാശ്വത പരിഹാരം നേടിക്കൊടുക്കാന്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചയത്താണ് പുനരുജീവന പദ്ധതി ആസൂത്രണം ചെയ്തത്. 2019 ജനുവരിയില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതിയായാണ് കരിപ്പേല്‍ ചാലിന്റെ പുനരുജ്ജീവന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്. സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു കൂട്ടം മനുഷ്യര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ പദ്ധതി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് കരിപ്പേല്‍ ചാല്‍. കരിപ്പേല്‍ ചാലിന്റെ ഒരു കൈവഴി പട്ടണക്കാട് പഞ്ചായത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അവിടുത്തെ ചാല്‍ കൂടി വൃത്തിയാക്കേണ്ടതുണ്ടായിരുന്നു . ഈ ചാല്‍ അടുത്തിടെ വൃത്തിയാക്കുകയും ചെയ്തു. പ്രളയകാലത്തു ചാലിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ മന്ത്രിമാരായ ഡോ.ടി. എം തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചാലിന്റെ പുനരുജ്ജീവനത്തിനാവശ്യമായ നടപടികളെടുത്തത്.