• Anekh Krishna

  • June 14 , 2023

:

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവയ്‌ക്കെതിരേ ജാഗ്രത വേണം.

നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്ബയിന്റെ ഭാഗമായി 'മാരിയില്ലാ മഴക്കാലം' എന്ന പേരില്‍ പ്രത്യേക കാമ്ബയിന്‍ ആരംഭിച്ചു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി നടത്തിയിരുന്നു. ശുചീകരണത്തില്‍ നിരന്തരമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ പ്രതിരോധിക്കാം. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്.