• admin

  • January 30 , 2020

പാലക്കാട് : നെല്‍കൃഷി പുനരുദ്ധാരണത്തിനായുള്ള വനിതാ ലേബര്‍ ബാങ്ക് പദ്ധതിയായ മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ സ്ത്രീ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തതും കൂടുതല്‍ നെല്‍കൃഷിയിറക്കിയതും പാലക്കാട് ജില്ലയില്‍. പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 12,164 സ്ത്രീ തൊഴിലാളികളാണ്. 3,041 ഏക്കറില്‍ നെല്‍കൃഷി ചെയ്തു. നെല്‍വയലുകളുടെ ആധിക്യവും ജനങ്ങള്‍ക്ക് നെല്‍കൃഷിയോടുള്ള ആഭിമുഖ്യവും ജില്ലയില്‍ എം.കെ.എസ്.പി പദ്ധതിയുടെ മികവിന് കാരണമായി. നെല്‍കൃഷി, പച്ചക്കറി കൃഷി, തെങ്ങുകയറ്റം, മഴപ്പൊലിമ എന്നിവയില്‍ വിദഗ്ധ പരിശീലനം നേടിയ തൊഴിലാളികളുടെ പ്രഭാവവും ജില്ലയുടെ നേട്ടത്തിന് കാരണമായി. കാര്‍ഷിക മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും മെച്ചപ്പെട്ട വേതനവും ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ നിലവില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഓരോ ജില്ലയിലും അഗ്രോ ക്ലൈമാറ്റിക് സോണ്‍ അടിസ്ഥാനത്തില്‍ രണ്ട് ലേബര്‍ബാങ്ക് ഫെഡറേഷനുകളും പ്രവര്‍ത്തികുന്നുണ്ട്.