• Lisha Mary

  • March 11 , 2020

പത്തനംതിട്ട : കോവിഡ് 19 വ്യാപിക്കുന്നതു തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വീടുകളില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍ പുറത്തിറങ്ങുന്നത് തടയാന്‍ പൊലീസ് ഇടപെടല്‍ ഉണ്ടാവുമെന്ന് കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. വീടുകളില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ള പലര്‍ക്കും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ട്. അതു പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ഭക്ഷണം വാങ്ങാനും മറ്റുമാണ് ചിലര്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ മറ്റു ചിലര്‍ മനപ്പൂര്‍വം പുറത്തിറങ്ങുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്നു മുതല്‍ പൊലീസ് ഇടപെടല്‍ ഉണ്ടാവും. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെയാണെന്ന് ഉറപ്പാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. 24 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഇതില്‍ 12 പേരുടെ ഫലം ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈമറി കോണ്ടാക്റ്റ് കേസുകള്‍ തന്നെ ഇത്ര അധികം ഉള്ള സ്ഥിതിക്ക് കൂടുതല്‍ പേരില്‍ ലക്ഷണങ്ങള്‍ കണ്ടേക്കാം. ഇവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇറ്റലിയില്‍ നിന്നു വന്ന റാന്നിയിലെ കുടുംബം സഞ്ചരിച്ച റൂട്ട് പ്രസിദ്ധീകരിച്ചതിനു ശേഷം ഒട്ടേറെ കോളുകള്‍ ലഭിച്ചു. അതിന് അനുസരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇവര്‍ പോയ മാളുകളും റസ്റ്ററന്റുകളും സന്ദര്‍ശിക്കുന്നതുകൊണ്ട് പ്രശ്നമൊന്നും ഇല്ല. വൈറസ് ഇത്രയും ദിവസം അവിടെ ലൈവായി നില്‍ക്കില്ലെന്ന് കലക്ടര്‍ പറഞ്ഞു.