• admin

  • January 4 , 2020

തൃശൂര്‍ : സി.വി.ഷിബു. തൃശൂര്‍: കൃഷിയെന്നത് നഷ്ടത്തിന്റെ കണക്ക് പറയാനുള്ളതല്ലന്നും ലാഭത്തിലേക്ക് മാറേണ്ട ഒന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന വൈഗ 2020 നോടനുബന്ധിച്ച് ജീവനി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നിനോട് വിട പറയുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട ഒരു ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് അന്താരാഷ്ട്ര വിമാന താവളവും ഉള്ളതിനാല്‍ പുഷ്പങ്ങള്‍ ഉള്‍പ്പടെയുള്ളവ കയറ്റുമതി ചെയ്യാനാകും . പച്ചക്കറികളും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനാകും. കാര്‍ഷിക രംഗത്തെ ഒരു കുതിച്ചു ചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം സംരക്ഷിക്കപ്പെട്ടാല്‍ മറ്റ് കാര്യങ്ങള്‍ പിന്നാലെ വരും. കാര്‍ഷിക മേഖലയിലെ യാഥാസ്ഥിതിക രീതി മാറേണ്ടതുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ആറ് കോടി രൂപയില്‍ അവസാനഗഡുവായ 16 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി. ജീവനി പദ്ധതിയുടെ ലോഗോയുടെ പ്രകാശനവും പോഷക പ്ലേറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പ്രമേയവുമായി കൃഷി-ആരോഗ്യ വകുപ്പുകള്‍ സംയുക്തമായാണ് ജീവനി പച്ചക്കറി വ്യപന പദ്ധതി നടപ്പിലാക്കുന്നത് .ജീവനി ലഘുലേഖയുടെ പ്രകാശന കര്‍മ്മവും എസ്.എ.പി.സി തയ്യാറാക്കിയ കാര്‍ഷിക സംരംഭകരുടെ ഡയറക്ടടറിയുടെ പ്രകാശനവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. കാര്‍ഷിക ഉപപദ്ധതിയുടെ ഉദ്ഘാടനം ഗവ: ചീഫ് വിപ്പ് കെ.രാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.