• admin

  • February 15 , 2020

കോഴിക്കോട് : പുഴ നേരിടുന്ന പ്രശ്‌നങ്ങള്‍, പുഴ ടൂറിസം സാധ്യതകള്‍, പ്രളയാനന്തര കാഴ്ചകള്‍, പുനര്‍നിര്‍മാണ രീതികള്‍ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്താനൊരുങ്ങി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി നദീജല ടൂറിസം വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചു. കവണക്കല്ല് റഗുലേറ്റര്‍ ബ്രിഡ്ജില്‍ നിന്ന് ആരംഭിച്ച് ചാലിയാര്‍, ഇരവഞ്ഞിപ്പുഴ മുക്കം വരെ ബോട്ടില്‍ യാത്ര ചെയ്താണ് ശില്‍പശാല സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍ക്കൊപ്പം ഉദ്യോഗസ്ഥരും പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും പഠനസംഘത്തിലുണ്ടായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചാലിയാര്‍, ഇരുവഞ്ഞിപുഴ ഭാഗത്ത് മണലെടുത്ത് ജീവിക്കുന്ന മണല്‍ തൊഴിലാളികള്‍ക്ക് അവരുടെ തോണി ഉപയോഗിച്ച് വിനോദസഞ്ചാര യാത്ര സംഘടിപ്പിക്കല്‍, ചാലിയാറിന്റെ തീരത്തെ അനുയോജ്യ വീടുകളില്‍ പേയിങ് ഗസ്റ്റ് സംവിധാനമൊരുക്കല്‍ തുടങ്ങിയവയുടെ സാധ്യതകളും ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു.