തൃശൂര്‍ : വാഹനപ്പെരുപ്പവും സ്ഥലദൗര്‍ലഭ്യവും മൂലം ഉഴറുന്ന തൃശൂര്‍ നഗരത്തിന് ഇനി പുതിയ മുഖം. നഗര ഗതാഗതമേഖലയിലെ ഏറ്റവും വലിയ പ്രശ്‌നമായ പാര്‍ക്കിങ് പരിഹരിക്കാന്‍ കോര്‍പ്പറേഷനും നഗര ഗ്രാമാസൂത്രണ വകുപ്പും ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ശക്തന്‍ ബസ് സ്റ്റാന്റ്, അശ്വിനി ഹോസ്പിറ്റല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നഗരത്തിന്റെ തെക്ക്പടിഞ്ഞാറ് മേഖലയില്‍ വാണിജ്യപരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പ്ലാന്‍. മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് പ്രൊജക്ടുകളുടെ വികസനമാണ് ഇതോടെ സാധ്യമാകുക. പുഴയ്ക്കല്‍,മണ്ണുത്തി, ഒല്ലൂര്‍ എന്നിവിടങ്ങളില്‍ വിഭാവനം ചെയ്തിട്ടുള്ള ടെര്‍മിനലുകളോട് ചേര്‍ന്ന് പാര്‍ക്കിങ്ങ് ഒരുക്കി നഗരകേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് സിറ്റി ബസ് സര്‍വ്വീസ് സാധ്യമാക്കും. ശക്തന്‍ സ്റ്റാന്റിനോട് ചേര്‍ന്ന് പാര്‍ക്കിങ് പ്ലാസ, ഷോപ്പിങ് മാള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, മുനിസിപ്പല്‍ ഓഫീസ് കോംപ്ലക്‌സ് എന്നിവ നിര്‍മ്മിക്കും. ഷെയേര്‍ഡ് പാര്‍ക്കിങ്ങിലൂടെ പാര്‍ക്കിങ് സ്‌പേസുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ജോലി സ്ഥലങ്ങള്‍ക്കടുത്ത് പാര്‍ക്ക് ചെയ്യുന്നതിന് നികുതി ഏര്‍പ്പെടുത്തുന്നതോടെ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ. പൊതുഗതാഗതം ഉപയോഗിക്കുന്നതിന് സബ്‌സിഡിയുള്ള പാസുകള്‍ ഏര്‍പ്പെടുത്തും. വാണിജ്യമേഖല കുറഞ്ഞ ഇടങ്ങളില്‍ വാലറ്റ് പാര്‍ക്കിങ്ങും നടപ്പാക്കും. സോഷ്യല്‍ മീഡിയ, ഏജന്‍സികള്‍ എന്നിവ വഴി വാഹനങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ കാര്‍ പൂളിങ് വഴി നടപ്പാക്കും. ഓണ്‍ലൈന്‍, ഹോം ഡെലിവറി ഷോപ്പിങ് പ്രോത്സാഹിപ്പിക്കുന്നതു വഴി സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സാധിക്കും. പാര്‍ക്കിങ് മീറ്റര്‍, സെന്‍സര്‍, ഈസി പേയ്‌മെന്റ് മോഡ് എന്നിവ സ്ഥാപിക്കുന്നതോടെ പാര്‍ക്കിങ്ങ് ഫീ അനായാസമാക്കും. നൂതന ടെക്‌നോളജികള്‍ പാര്‍ക്കിങ്ങ് സ്ഥലങ്ങളുടെ സജ്ജീകരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പാര്‍ക്കിങ് കോണ്‍ട്രാക്റ്റുകളില നിബന്ധനകള്‍ ഏര്‍പ്പാടാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സൗകര്യങ്ങളും ഒരുക്കും. നഗരത്തിന്റെ തെക്ക്കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന എം.ഒ റോഡ്, പി.ഒ റോഡ്, ഹൈറോഡ്, അരിയങ്ങാടി എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന പഴയ പ്രദേശത്തെ പഴയകാല പ്രൗഡിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികള്‍ രൂപീകരിക്കും. ഇവിടേക്കുള്ള ചരക്ക് നീക്കത്തിന് ചെറുവാഹനങ്ങള്‍ നിശ്ചിത സമയങ്ങളില്‍ മാത്രം അനുവദിക്കുന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൈതൃകകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് അനുയോജ്യമായ രീതിയില്‍ പാര്‍ക്കിങ് സംവിധാനം ഉറപ്പു വരുത്തും. കൃത്യമായ രീതിയില്‍ റോഡരികില്‍ പാര്‍ക്കിങ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തുന്നതോടെ ജംഗ്ഷന്‍, സീബ്രാ ലൈന്‍, ബസ് സ്റ്റോപ്പ്, ഫയര്‍ സ്റ്റേഷന്‍, ആശുപത്രി, ഭിന്നശേഷിക്കാര്‍ക്കായി ലഭ്യമാക്കിയ പാര്‍ക്കിങ് ഇടങ്ങള്‍ എന്നിവടങ്ങളില്‍ നിശ്ചിത ദൂരം അകലമിട്ട് പാര്‍ക്കിങ് അനുവദിക്കും. സമയക്രമീകരണത്തിലൂടെ ചരക്ക് വാഹനങ്ങളുടെ പാര്‍ക്കിങ് മൂലമുള്ള തിരക്ക് എം.ഒ റോഡ്, ഹൈറോഡ് എന്നിവിടങ്ങളില്‍ നിയന്ത്രിതമാകും. ഒല്ലൂക്കര, പുഴയ്ക്കല്‍, ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ട്രക്ക് ടെര്‍മിനലുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഔട്ടര്‍ റിംഗ് റോഡ്, പുഴയ്ക്കല്‍, മണ്ണുത്തി, ഒല്ലൂര്‍, കൂര്‍ക്കഞ്ചേരി എന്നിവയെ ബന്ധിപ്പിച്ചുള്ള റേഡിയല്‍ റോഡ് എന്നിവ ഉപയോഗിച്ചു കൊണ്ട് ഈ കേന്ദ്രങ്ങളെയും നഗരകേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം വികസിപ്പിക്കാം. നഗരപ്രാന്ത സ്ഥലങ്ങളെ കൂട്ടിയിണക്കിയുള്ള ലാന്റ് പൂളിങ് പ്രൊജക്ട് വിഭാവനം ചെയ്യും. കൂടാതെ പ്രാന്തപ്രദേശങ്ങളിലേക്ക് ഷട്ടില്‍ സര്‍വീസുകള്‍, പാര്‍ക്കിങ് നയം, പൊതുഗതാഗത സംവിധാനം, കാര്‍ ഫ്രീ ഡെ, വെഹിക്കിള്‍ ഫ്രീ സോണ്‍ എന്നിവയെ കുറിച്ച് ബോധവത്കരണ പരിപാടികള്‍, പൊതുഅഭിപ്രായജനസര്‍വ്വേ എന്നിവ നടത്തും. പാര്‍ക്കിങ് മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിച്ച് പാര്‍ക്കിങ് നയത്തിന്റെ നടത്തിപ്പിന്റെ ചുമതലയേല്‍പ്പിക്കുക, പൊതുപരിപാടികള്‍ക്കാവശ്യമായ അഡീഷണല്‍ പാര്‍ക്കിങ്ങിനായ ലഭ്യമായ സ്ഥലങ്ങളെ ഉപയോഗിച്ചുള്ള ഓവര്‍ ഫ്േളാ പാര്‍ക്കിങ് പ്ലാന്‍ വികസിപ്പിക്കുക എന്നിവയും മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തിട്ടുണ്ട്. കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ക്കായി പാര്‍ക്കിങ്ങ് നയം രൂപീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാന്‍ റിവ്യൂ മീറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് തൃശൂരിലെ മാസ്റ്റര്‍പ്ലാന്‍. നഗരത്തിലെ പാര്‍ക്കിങ്ങ് പ്രശ്‌നങ്ങളെ സംബന്ധിച്ചും പാര്‍ക്കിങ് സര്‍വ്വേകളിലൂടെ വിവരശേഖരണം നടത്തി നഗരത്തിന് അനുയോജ്യമായ നയം രൂപീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാരംഭ സര്‍വ്വേ നടത്തി തെരഞ്ഞെടുത്ത 16 പ്രധാന കേന്ദ്രങ്ങളിലെ പാര്‍ക്കിങ് ആവശ്യകതയും ലഭ്യതയും, കെട്ടിടങ്ങളിലെ പാര്‍ക്കിങ് ഉപയോഗത്തിന്റെ തോത്, ചോദ്യോത്തര സര്‍വ്വേ എന്നീ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയും ചര്‍ച്ച നടത്തിയുമാണ് കരട പാര്‍ക്കിങ് നയത്തിന്റെ രൂപീകരണം. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ വാണിജ്യപരമായും സഞ്ചാരപരമായും സ്ഥാപനപരവും വാണിജ്യപരവുമായും പ്രാമുഖ്യമുള്ളത് എന്നിങ്ങനെ തരം തിരിച്ചാണ് പ്ലാന്‍ തയ്യാറാക്കിയത്. നഗരത്തിലെ സ്ഥലലഭ്യത കുറവായതിനാല്‍ ട്രാഫിക് മാനേജ്‌മെന്റ് സങ്കേതങ്ങള്‍ക്കാണ് ഊന്നല്‍. നഗരത്തെ മൂന്നു സോണുകളായി തിരിച്ചാണ് പാര്‍ക്കിങ് മാനേജ്‌മെന്റ് നടപ്പാക്കുക. ലഭ്യമായ പൊതുസ്വകാര്യസ്ഥലങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, സ്വകാര്യവാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള ട്രാഫിക് മാനേജ്‌മെന്റ് നയങ്ങള്‍, സുസ്ഥിരമായ ഗതാഗത രീതികള്‍ക്ക് മുന്‍ഗണന, പഴയകാല നഗരപ്രദേശത്തെ പാര്‍ക്കിങ് മാനേജ്‌മെന്റ് നയങ്ങള്‍, സാങ്കേതികമായ പാര്‍ക്കിങ് സമ്പ്രദായങ്ങള്‍, നഗരസഞ്ചയത്തിനായുള്ള കാര്യക്ഷമമായ ഭൂവിനിയോഗം വിഭാവനം ചെയ്യുക, പാര്‍ക്കിങ് സ്ഥലങ്ങളുടെ ഡിസൈനും മാനേജ്‌മെന്റും എന്നിവയിലൂന്നിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി