തൃശ്ശൂർ : ജില്ലയിലെ തീരദേശമേഖലയിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ തീരശ്രീയുടെ തയ്യൽഗ്രാമം. മേഖലയിലെ മുഴുവൻ കുടുംബശ്രീ വനിതകളെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. സ്ത്രീകൾക്ക് ഉപജീവന മാർഗവും വരുമാനമാർഗ്ഗവും കണ്ടെത്തുക എന്നതാണ് ലക്ഷ്യം. തീരശ്രീയുടെ കീഴിൽ വരുന്ന പഞ്ചായത്തുകളെ മാതൃകാ ഗ്രാമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ എറിയാട് പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ആദ്യപടിയായി വാർഡിലെ 30 അംഗങ്ങൾക്കും തുണിബാഗ് നിർമ്മാണമടക്കമുള്ളവയിൽ വിദഗ്ധ പരിശീലനം നൽകി. എറിയാട് കരിക്കുളം ആശുപത്രിയ്ക്ക് എതിർവശത്തുള്ള കെട്ടിടത്തിലാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് പദ്ധതി തുക. ജില്ലയിൽ എറിയാട്, മതിലകം, ശ്രീനാരായണപുരം, വലപ്പാട്, കയ്പമംഗലം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് തീരശ്രീയ്ക്ക് കീഴിൽ വരുന്നത്. ഇവയിലെല്ലാം കൂടി 25 തീരദേശ വാർഡുകളും. മാതൃകാ ഗ്രാമത്തിന്റെ ഭാഗമായി ഓരോ വാർഡുകളിലും വ്യത്യസ്തമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തയ്യൽഗ്രാമം പോലെ അച്ചാർ ഗ്രാമം, പൊടി ഗ്രാമം, പഴം-പച്ചക്കറി ഗ്രാമം, കാറ്ററിങ് ഗ്രാമം എന്നിങ്ങനെ വിവിധ മേഖലകളിൽ ഊന്നിയാണ് പദ്ധതി നടപ്പാക്കുക. മേഖലയിലെ ജനവിഭാഗങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന കടബാധ്യത, വിദ്യാഭ്യാസത്തിന്റെയും തൊഴിൽ നൈപുണ്യ പരിശീലനത്തിന്റെയും പ്രകടമായ കുറവ്, സമ്പാദ്യ ശീലത്തിന്റെ അഭാവം എന്നിവ ഫലപ്രദമായ ഇടപെടലുകളിലൂടെ പരിഹരിച്ചുകൊണ്ട് തീരദേശ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി വഴി തീരശ്രീ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാർഡുകളിൽ കുടുംബശ്രീ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി ഈ മേഖലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം ഉയർത്തുന്നതിനും ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പദ്ധതിയാണ് തീരശ്രീ പദ്ധതി. തീരദേശ മേഖലയിൽ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സമഗ്രമായ വ്യാപനവും നവീകരണവും ലക്ഷ്യമിട്ടുകൊണ്ട് സാമൂഹ്യവികസനത്തിലൂന്നിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജോലിയിലുള്ള അനിശ്ചിതാവസ്ഥ, ക്രമമായ വരുമാനം ലഭിക്കാത്ത സാഹചര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്ത്രീകളിലും കുട്ടികളിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങൾ, കുടിവെള്ള ലഭ്യതക്കുറവ്, മത്സ്യബന്ധനവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുമൊഴിച്ച് മറ്റ് ഉപജീവന പ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണ് തീരദേശവാസികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ. സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ദുരിതങ്ങൾ ഏറെയും സഹിക്കേണ്ടി വരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് തീരശ്രീയുടെ കീഴിൽ നിരവധി പദ്ധതികൾ രൂപം കൊള്ളുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി