• Lisha Mary

  • March 12 , 2020

ചെന്നൈ : ഏറെ നാള്‍ നീണ്ട അഭ്യൂഹത്തിനു വിരാമിട്ട് രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന പ്രഖ്യാപനവുമായി നടന്‍ രജനീകാന്ത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യതാണ് ഉള്ളതെന്നും മാറ്റത്തിനായി പുതിയൊരു പ്രസ്ഥാനം ഉണ്ടാവേണ്ടതുണ്ടെന്നും രജനീകാന്ത് പറഞ്ഞു. ജയലളിതയുടെയും കരുണാനിധിയുടെയും കാലത്തിനു ശേഷം തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു ശൂന്യതയാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയവും വ്യവസ്ഥയും മാറേണ്ടതുണ്ട്. അതിനു പുതിയ പ്രസ്ഥാനം വേണം. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം ജനങ്ങളുടെ മനസിലും ഉണ്ടാകണമെന്ന് രജനീകാന്ത് പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തില്‍ കൊണ്ടുവരും. യുവാക്കള്‍ക്കും പുതിയ ചിന്തകള്‍ ഉള്ളവര്‍ക്കുമായിരിക്കും പ്രധാന പദവികള്‍. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും. മുഖ്യമന്ത്രിയാകാനില്ല. പാര്‍ട്ടി അധ്യക്ഷനാകും. ഭരണനിര്‍വഹണം നിരീക്ഷിക്കും. തെറ്റുകള്‍ തിരുത്തും. മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കും. സത്യത്തിനും നിസ്വാര്‍ഥതയ്ക്കും അസാമാന്യശക്തിയുണ്ട് . 60-65 ശതമാനം പദവികള്‍ യുവാക്കള്‍ക്കു നല്‍കുമെന്നും രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ താരം പറഞ്ഞു.