• admin

  • January 9 , 2020

: തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാനുള്ള നടപടികള്‍ ജനുവരി 20 ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും 14 ജില്ലാ പഞ്ചായത്തുകളിലേയ്ക്കും മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേയ്ക്കും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേയ്ക്കുമാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2015 നു ശേഷം ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ ഉപയോഗിച്ച വോട്ടര്‍പട്ടികയും മറ്റു വാര്‍ഡുകളില്‍ 2015 ലെ വോട്ടര്‍പട്ടികയും അടിസ്ഥാനമാക്കി കരട് പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14 ആണ്. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും. 2020 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. തിരുത്തലുകള്‍, സ്ഥലംമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും. കമ്മീഷന്‍ വെബ്സൈറ്റ് www.lsgelection.kerala.gov.in ലും പട്ടിക ലഭ്യമാണ്. അംഗീകൃത രാഷ്ട്രീയ കക്ഷികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികള്‍ക്കും പട്ടികയുടെ കോപ്പി സൗജന്യമായി ലഭിക്കും. മറ്റു രാഷ്ട്രീയകക്ഷികള്‍ക്കും വ്യക്തികള്‍ക്കും നിശ്ചിത നിരക്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പട്ടിക ലഭിക്കും. 2015 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഫോട്ടോപതിച്ച വോട്ടര്‍പട്ടികയാണ് കമ്മീഷന്‍ ഉപയോഗിച്ചിരുന്നത്. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തമായി ഡാറ്റാബേസ് ഉണ്ടാക്കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് അവ അടിസ്ഥാന പട്ടികയായി ഉപയോഗിക്കുന്നതിന് കമ്മീഷന്‍ 2014 ല്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് 2015 ലെ പൊതുതിരഞ്ഞെടുപ്പിലും തുടര്‍ന്ന് ഉണ്ടായിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ക്കും ഈ ഡാറ്റാബേസ് അടിസ്ഥാന പട്ടികയായി പ്രസിദ്ധീകരിക്കുകയും അവ സംബന്ധിച്ച് ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡു പുനര്‍വിഭജനം നടത്തിയതിന് ശേഷം പുതിയ വാര്‍ഡുകളെ അടിസ്ഥാനമാക്കി ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടിക വീണ്ടും ഭാഗങ്ങളാക്കി പ്രസിദ്ധീകരിച്ച് പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് അന്തിമമാക്കും. വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ ജില്ലാതല രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജനുവരി 20 ന് മുമ്പ് വിളിച്ചു ചേര്‍ക്കും.