• admin

  • February 24 , 2020

ന്യൂഡല്‍ഹി : രണ്ടുദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നെത്തും. ഇന്ത്യന്‍ സമയം രാവിലെ 11.40നാകും ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങുക. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാണ് ഔദ്യോഗിക കൂടിക്കാഴ്ചകള്‍. മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായാണ് യു.എസ്. പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറാവുന്ന സന്ദര്‍ശനത്തിലേക്ക് നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. ഭാര്യ മെലാനിയയും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ല്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. 12.15-ന് ഗാന്ധിജിയുടെ സബര്‍മതി ആശ്രമസന്ദര്‍ശനം. തുടര്‍ന്ന് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും. ട്രംപിന്റെ സന്ദര്‍ശനത്തെ ആകാംക്ഷയോടെയാണ് ലോകരാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ചൊവ്വാഴ്ചയാണ് നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ രാവിലെ 11-നു മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി വന്‍വ്യാപാര കരാറില്‍ ഒപ്പിടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അത് വിജയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ട്രംപ് പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ചു ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളര്‍ ചെലവില്‍ 24 സീഹോക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും. അമേരിക്കന്‍ എംബസി സംഘടിപ്പിക്കുന്ന രണ്ടു ചടങ്ങുകളിലും രാഷ്ട്രപതി നല്‍കുന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷം രാത്രി 10-ന് യു.എസ്. പ്രസിഡന്റ് മടങ്ങും. പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ത്യയിലേക്കു മാത്രമായി ഒരു യു.എസ്. പ്രസിഡന്റ് എത്തുന്നതും ആദ്യമായാണ്. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഈ സന്ദര്‍ശനമെന്നത് അമേരിക്കയുടെ ആഭ്യന്തരരാഷ്ടീയത്തിനും പ്രധാനമാണ്. ട്രംപിന്റെ സന്ദര്‍ശന പരിപാടികളുള്ള അഹമ്മദാബാദ്, ഡല്‍ഹി, ആഗ്ര നഗരങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച മൊട്ടേര സ്റ്റേഡിയത്തിലെത്തി തയ്യാറെടുപ്പുകള്‍ വിലയിരുത്തി.