• admin

  • January 22 , 2020

മുംബൈ : ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു.മുംബൈയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും വെസ്റ്റേണ്‍ റെയില്‍വെയാണ് യാത്രക്കാരില്‍ നിന്നും ഈടാക്കിയ പിഴത്തുകയുടെ കണക്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 104.10 കോടി രൂപയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരില്‍ നിന്നും ലഭിച്ചത്. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. ടിക്കറ്റ് എടുക്കാതെ യാത്രചെയ്തതുമായി ബന്ധപ്പെട്ട് 21.33 ലക്ഷം പേരില്‍നിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞവര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യംചെയ്യുമ്പോള്‍ 8.85ശതമാനമാണ് വര്‍ധന. ഡിസംബറില്‍ മാത്രം 2.13 ലക്ഷം കേസുകളിലായി 10.14 കോടി രൂപയാണ് ഈയനത്തില്‍ റെയില്‍വെയ്ക്ക് ലഭിച്ചത്. വിവിധ കേസുകളിലായി 1821 പേരെ വിചാരണചെയ്ത് പിഴയടപ്പിച്ചു. റെയില്‍വെയുടെ അധീനതയിലുള്ള പ്രദേശത്തുനിന്ന് ഈ കാലയളവില്‍ 1632 യാചകരെ നീക്കിയതായും വെസ്റ്റേണ്‍ റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.