• admin

  • February 20 , 2020

:

സ്വര്‍ണവില വീണ്ടും റെക്കോഡ് ഭേദിച്ചു. പവന്റെ വില 200 രൂപവര്‍ധിച്ച് 30,880 രൂപയായി. 3860 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം 280 രൂപവര്‍ധിച്ച് വില 30,680 രൂപയായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. 

ഈവര്‍ഷംതന്നെ വിലയില്‍ ആറുശതമാനമാണ് വര്‍ധനവുണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,610.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

വിലവര്‍ധന തുടരാനാണ് സാധ്യതയെന്ന് നിക്ഷേപക ലോകം വിലയിരുത്തുന്നു. വരുംആഴ്ചകളില്‍ ഔണ്‍സിന്റെ വില 1,650 നിലവാരം ഭേദിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

ആഗോളതലത്തില്‍ സമ്പദ്ഘടനയെ കൊറോണ വൈറസ് ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സ്വര്‍ണത്തിലുള്ള ഡിമാന്റ് വര്‍ധിച്ചിരുന്നു. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്താതിരുന്നതും കൂടുതല്‍ ആദായം ലഭിക്കുന്ന സ്വര്‍ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.