• admin

  • February 6 , 2020

ബെംഗളൂരു :

കൂറുമാറ്റ എംഎൽഎമാരിൽ നിന്നു 10 പേർ യെഡിയൂരപ്പ സർക്കാരിൽ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇവർക്കൊപ്പം ബിജെപിയിലെ 3 മുതിർന്ന നേതാക്കൾ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്നു നേരത്തെ മുഖ്യമന്ത്രി യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നെങ്കിലും, അവസാന നിമിഷം പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് നീട്ടിവച്ചു.

രമേഷ് ജാർക്കിഹോളി, എസ്.ടി.സോമശേഖർ, കെ.സുധാകർ, ബയരതി ബസവരാജ്, ശിവറാം ഹെബ്ബാർ, ബി.സി.പാട്ടീൽ, കെ.ഗോപായ്യ, നാരായണ ഗൗഡ, ശ്രീ മന്ത് പാട്ടീൽ, ആനന്ദ് സിങ് എന്നിവരാണ് പുതിയ മന്ത്രിമാർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

മുതിർന്ന ബിജെപി നേതാക്കളായ അരവിന്ദ് ലിംബാവലി, ഉമേഷ് കട്ടി, സി.പി.യോഗേശ്വർ എന്നിവർ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ഇന്നലെ രാത്രി വരെ നിലനിന്നിരുന്ന ധാരണ. എന്നാൽ ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തരുടെ എണ്ണം ഏറിയതോടെയാണ് ഇവരുടെ സത്യപ്രതിജ്ഞ നീണ്ടത്. നിയമസഭാംഗമല്ലാത്ത യോഗേശ്വറിനെ ഉൾപ്പെടുത്താനും കൂറുമാറ്റക്കാർക്കിടയിലെ മഹേഷ് കുമത്തല്ലിയെ മാറ്റി നിർത്താനുമുള്ള തീരുമാനം വലിയ വിമർശനത്തിനു വഴിവച്ചിരുന്നു.

34 പേരെ പരമാവധി ഉൾപ്പെടുത്താവുന്ന മന്ത്രിസഭയുടെ അംഗബലം ഇതോടെ 28 ആയി. 6 ബർത്തുകളാണ് ഇനിയുള്ളത്. കൂറുമാറ്റക്കാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെ ഒരു വാഗ്ദാനപാലനത്തിനു കൂടിയാണ് യെഡിയൂരപ്പ തുടക്കമിട്ടത്. കുമാരസ്വാമിയുടെ നേതൃത്വത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് - ദൾ സഖ്യ സർക്കാരിനെ അട്ടിമറിക്കാനായി 17 എംഎൽഎമാരാണ് ബിജെപിയിലേക്ക് കൂറുമാറിയത്. ഇവരെ എല്ലാവരെയും മന്ത്രിമാരാക്കാമെന്ന് യെഡിയൂരപ്പ വാഗ്ദാനം ചെയ്തിരുന്നു.