• Lisha Mary

  • April 22 , 2020

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പോലീസിന്റെ ഭാഗത്തുനിന്നും മാതൃകാപരമായ ഇടപെടലാണ് ജില്ലയിലുള്ളത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 ന് രാത്രി തന്നെ എല്ലാവിധത്തിലും പോലീസ് സജ്ജമായിരുന്നു. നഗരത്തിലേക്കുള്ള പ്രധാന പ്രവേശന പോയിന്റുകളായ കേശവദാസപുരം, പാപ്പനംകോട്, കുണ്ടമണ്‍ഭാഗം, മങ്കാട്ടുകടവ് മുതലായ സ്ഥലങ്ങളില്‍ പോലീസ് ചെക്ക് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി. സിറ്റിയുടെ പ്രാന്തപ്രദേശങ്ങളായ മലയിന്‍കീഴ്, ബാലരാമപുരം, വെമ്പായം, തിരുവല്ലം എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിച്ച് വാഹനങ്ങളെയും ജനങ്ങളെയും സ്‌ക്രീനിംഗ് നടത്തി. അനാവശ്യമായി പുറത്തിറക്കിയ വണ്ടികള്‍ പിടിച്ചെടുത്ത് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പോലീസിന്റെ അതീവ ജാഗ്രതകൊണ്ട് പൊതുജനങ്ങള്‍ അനധികൃതമായി പുറത്തിറങ്ങുന്നത് തടയാന്‍ സാധിച്ചു. ജില്ലയില്‍ മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കണക്കനുസരിച്ച് ആകെ 7419 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 7402 പേരെ അറസ്റ്റ് ചെയ്യുകയും 5327 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രം ആകെ 1971 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1789 പേരെ അറസ്റ്റ് ചെയ്യുകയും 1445 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ നടന്ന കര്‍ശനമായ പോലീസ് ചെക്കിങ്ങിന്റെ ഭാഗമായി 5448 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 5613 പേരെ അറസ്റ്റ് ചെയ്യുകയും 3882 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. തുടക്കത്തില്‍ ചെറിയ ആശയകുഴപ്പം ഉണ്ടായിരുന്നെങ്കിലും രോഗത്തിന്റെ ഗൗരവം മനസിലായപ്പോള്‍ ജനങ്ങള്‍ പോലീസിനോട് പൂര്‍ണമായും സഹകരിച്ചു. പോലീസ് പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതുകൊണ്ടു അവരുടെ ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം പരിഗണനയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഫേസ് മാസ്‌ക്, സാനിറ്റൈസര്‍, കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിച്ചുകൊടുത്തു. കൂടാതെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ സഹായത്തോടെ ആരംഭിച്ച 'സാനിറ്റൈസര്‍ ബസുകള്‍' കൃത്യമായ ഇടവേളകളില്‍ പൊലീസുകാരെ അണുവിമുക്തമാക്കാന്‍ എത്തിക്കുന്നു. ബസില്‍ കയറുന്ന പോലീസുകാര്‍ 30 സെക്കന്റുകള്‍ കൊണ്ട് അണുവിമുക്തമാകും. കൂടാതെ പൊതുജനങ്ങളുമായി കൃത്യമായ അകലം പാലിച്ചാണ് വാഹനങ്ങള്‍ തടഞ്ഞു പോലീസ് പരിശോധന നടത്തുന്നത്. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം നിരവധി സേവനങ്ങള്‍ ഇതിനോടകം ജില്ലയില്‍ പോലീസ് നടപ്പിലാക്കി. അത്യാവശ്യക്കാര്‍ക്കായി ഓണ്‍ലൈന്‍ പാസ്സ് സൗകര്യം ഏര്‍പ്പെടുത്തി. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായും സ്വകാര്യ കമ്പനികളുമായും സഹകരിച്ചു 'ബ്ലൂ ടെലിമെഡ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തു. അതിലൂടെ പൊതുജനങ്ങള്‍ തങ്ങളുടെ രോഗ വിവരങ്ങള്‍ നല്‍കിയാല്‍ ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ ആയി തന്നെ പരിശോധിച്ചു വേണ്ടുന്ന മരുന്ന് കുറിക്കും. ആശുപത്രിയിലോട്ട് പോകേണ്ടുന്നവര്‍ക്ക് പോലീസിനെ കാണിക്കാനുള്ള രേഖയും ഇതു വഴി ലഭ്യമാകും. അതിനോടൊപ്പം ജില്ലയില്‍ ആവശ്യക്കാര്‍ക്ക് മരുന്ന് എത്തിച്ചുകൊടുക്കുന്ന സംവിധാനവുമുണ്ട്. 112 എന്ന നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യക്കാര്‍ എവിടുന്നാണോ മരുന്ന് വാങ്ങിയത്, പോലീസ് അവിടുന്ന് ആ മരുന്ന് ശേഖരിച്ച് അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നു. ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിച്ചത്. ജില്ലയില്‍ നിരവധിപേര്‍ക്ക് പോലീസ് ഭക്ഷണം എത്തിച്ചുനല്‍കുന്നു. 2300 ഓളം പേര്‍ക്ക് ദിവസവും 3 നേരം പോലീസിന്റെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് പുറമെ 375 സ്റ്റാഫുകള്‍ക്കും ഭക്ഷണം നല്‍കിവരുന്നു. കൂടാതെ 'ഭക്ഷണവണ്ടി' എന്ന പേരില്‍ നഗരത്തില്‍ ഭക്ഷണവുമായി പോലീസ് ഇറങ്ങുകയും ആവശ്യക്കാര്‍ക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്. നിരവധി സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായസഹകരണങ്ങള്‍ പൊലീസിന് ഇതിനായി ലഭിക്കുന്നുണ്ട്. ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചും ലോക്ക് ഡൗണ്‍ ലംഘനം പോലീസ് നിരീക്ഷിക്കുന്നു. ഈ സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ പൊലീസിന് എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങളിലും നിരീക്ഷണം നടത്താന്‍ കഴിയുന്നുണ്ട്. സംസ്ഥാന ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി ചേര്‍ന്നാണ് പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജനമൈത്രി പോലീസ് വീടുതോറും കറിയിറങ്ങി ജനങ്ങളെ ബോധവാന്മാരാക്കുന്നുണ്ട്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ സമീപത്ത് താമസിക്കുന്നവരെ സന്ദര്‍ശിച്ചു, ക്വാറന്റൈനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തരുതെന്നും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്നും പറഞ്ഞു അവരെ ബോധവല്‍ക്കരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നു. ഫോട്ടോ, വീഡിയോ, ഡാന്‍സ്, നാടകം, ട്രോള്‍ മുതലായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ജനമൈത്രി പോലീസിന്റെ നാടകം ഇതിനോടകം തന്നെ ശ്രദ്ധേയമായി. ഇത്തരം പരിപാടികള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ പോലീസ് ശ്രമിച്ചുവരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരോടൊപ്പം സഹകരിച്ചായിരുന്നു പോലീസിന്റെ പ്രവര്‍ത്തനം. അവര്‍ക്ക് വേണ്ട എല്ലാവിധ സംവിധാനങ്ങളും പോലീസ് ലഭ്യമാക്കി. കോവിഡ് 19 എന്ന മഹാവിപത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പോലീസിന്റെ കൃത്യമായ മുന്നൊരുക്കങ്ങളും പദ്ധതി നടത്തിപ്പിലൂടെയും, പൊതുജനങ്ങളുടെ സഹകരണത്തിലൂടെയും വിജയകരമായി തന്നെ ജില്ലയില്‍ നടപ്പിലാക്കി.