• admin

  • January 28 , 2020

ബെയ്ജിംഗ് : ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് മരണങ്ങള്‍ ഉയരുന്നു. ചൈനയില്‍ ഇതുവരെ 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 4193-പേരില്‍ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ ചൊവ്വാഴ്ച രാവിലെ അറിയിച്ചു. തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. തലസ്ഥാനമായ ബെയ്ജിംഗിലും ആദ്യമായി രോഗം കണ്ടെത്തി. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്. മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടു ചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈറസ് ബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ചെയര്‍മാനാണ് കുചിയാങ്. ഇതിനിടെ ജര്‍മനിയിലും ശ്രീലങ്കയിലും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരു ചൈനീസ് വനിതയിലാണ് ശ്രീലങ്കയില്‍ രോഗം കണ്ടെത്തിയത്. ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് പൗരന്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ബെയ്ജിങ്ങില്‍ യോഗം ചേര്‍ന്നു. ചൈനീസ് ഭരണകൂടവുമായും ആരോഗ്യവിദഗ്ധരുമായും ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ തെഡ്രോസ് അധാനോം ഗെബ്രിയെസൂസ് ചര്‍ച്ച നടത്തി. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ. നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടുതലാളുകളിലേക്ക് വൈറസ് പടരുന്നത് തടയാനായി ചൈനയില്‍ പുതുവത്സരാവധിക്കാലം ഫെബ്രുവരി രണ്ടിലേക്ക് നീട്ടി. രാജ്യത്തുടനീളം ഗതാഗത-യാത്രാനിയന്ത്രണവും ശക്തമാക്കി. സമ്മേളനങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും വിലക്കുണ്ട്. അതിവേഗം പടരുന്ന തരത്തില്‍ വൈറസ് ശക്തിപ്രാപിച്ചിട്ടുണ്ടെന്ന് വുഹാന്‍ മേയര്‍ ജൗ ഷിയാന്‍വാങ് പറഞ്ഞു. ഇതിനിടെ യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുള്ള വുഹാനില്‍ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ശ്രമം തുടങ്ങി. പൗരന്മാരെയും എംബസി ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിക്കാന്‍ ചൊവ്വാഴ്ച ചാര്‍ട്ടേഡ് വിമാനം വുഹാനിലേക്കയക്കുമെന്ന് യു.എസ്. വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫ്രാന്‍സ്, ജപ്പാന്‍, ശ്രീലങ്ക, സ്പെയിന്‍ എന്നീ രാജ്യങ്ങളും വിമാനം അയയ്ക്കും. മുന്‍കരുതലിന്റെ ഭാഗമായി ചൈനയുമായുള്ള അതിര്‍ത്തി മംഗോളിയ അടച്ചു.ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം സജ്ജമാക്കി. സംസ്ഥാനത്തും ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി. രോഗബാധിത പ്രദേശത്തുനിന്ന് സംസ്ഥാനത്തേക്ക് 436 പേര്‍ കഴിഞ്ഞദിവസംവരെ എത്തിയിട്ടുണ്ട്. ഇതില്‍ 431 പേര്‍ വിവിധ ആശുപത്രികളിലും അഞ്ചുപേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. എന്നാല്‍ സംസ്ഥാനത്ത് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.