• admin

  • February 8 , 2020

വയനാട് : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തിയ വിനോദ സഞ്ചാരികളെ സംബന്ധിച്ചുളള വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാത്ത റിസോട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ക്ക് എന്നിവയ്‌ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ് അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിദിന അവലോകനയോഗത്തില്‍ ചില സ്ഥാപനങ്ങള്‍ വിവരം കൈമാറുന്നതില്‍ വീഴ്ച്ച വരുത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ സഞ്ചാരികള്‍ മറ്റ് സഞ്ചാരികളുമായി ഇടപഴകുന്നത് ഒഴിവാക്കണം. സ്ഥാപനങ്ങളിലെ നീന്തല്‍കുളം, മറ്റു പൊതുയിടങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സബ് കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ 58 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഹോങ്കോങ്,നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയ 5 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളത്. ഒരാള്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.