• Lisha Mary

  • March 5 , 2020

ന്യൂയോര്‍ക്ക് :

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനൊന്നായി. കാലിഫോര്‍ണിയയിലെ ആദ്യമരണം സ്ഥിരീകരിച്ചു. വാഷിങ്ടണില്‍ ഇതിനകം തന്നെ പത്തുപേര്‍ വൈറസ് ബാധിച്ചു മരിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ബാധിച്ചു ഒരു കുടുംബത്തിലെ നാല് പേര്‍ ചികിത്സയിലാണ്. രണ്ടുപേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ന്യൂയോര്‍ക്കില്‍ രോഗബാധിതരുടെ എണ്ണം ആറായി.

ജനുവരി 21-നാണ് വാഷിങ്ടണിലാണ് അമേരിക്കയിലെ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ലോസ് ആഞ്ജലിസില്‍ വിമാനയാത്രക്കാരനടക്കം ഏഴു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ നൂസം ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

ടെക്‌സാസ് ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ 124 പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിങ്ടണ്‍(27), കാലിഫോര്‍ണിയ (24), ഇല്ലിനോയ്‌സ് (4), ഫ്‌ളോറിഡ (3), ഒറിഗന്‍ (3), ടെക്‌സാസ്(1), അരിസോണ, ജോര്‍ജിയ, റോസ്‌ഐലന്റ്(2), നോര്‍ത്ത് കരോളിന(1), വിസ്‌കോസില്‍(1) എന്നീ സംസ്ഥാനങ്ങളില്‍ ഇതിനകം രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു.