• Lisha Mary

  • March 17 , 2020

മുംബൈ : കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും ബോധവത്കരണത്തിനുമായി സുപ്രധാന നീക്കവുമായി ഉദ്ദവ് താക്കറെ സര്‍ക്കാര്‍. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈകളില്‍ മുദ്ര പതിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കൈകളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന മുദ്രപതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംരക്ഷിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും കൈകളില്‍ പതിയുന്ന മുദ്രയില്‍ തെളിയുന്നു. രോഗബാധിതര്‍ വീടുകളില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നതിനാണ് കൈകളില്‍ മുദ്രപതിക്കാനുള്ള തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 39 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാസിക്കിലും നാഗ്പൂരിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇരുനഗരങ്ങളിലെയും പൂന്തോട്ടങ്ങള്‍, ജോഗിങ് ട്രാക്കുകള്‍ തുടങ്ങി ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളെല്ലാം അടച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍ക്കായി ആളുകള്‍ ഒത്തുകൂടുന്നതിനെല്ലാം ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി.