• Lisha Mary

  • March 13 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീം കോടതി. കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരെയും കേസുമായി ബന്ധമുള്ളവരെയും മാത്രമെ കോടതി മുറികളില്‍ അനുവദിക്കൂവെന്നും പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണിത്. സന്ദര്‍ശകരുടെയും വ്യവഹാരങ്ങള്‍ നടത്തുന്നവരുടെയും അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിശീലനാര്‍ഥികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സുപ്രീം കോടതി വിശദീകരിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അടക്കമുള്ളവരുടെ ഉപദേശം സ്വീകരിച്ച ശേഷമാണ് തീരുമാനം.