• Lisha Mary

  • March 9 , 2020

കൊച്ചി : എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഏഴാം തിയതി രാവിലെ ദുബായില്‍ നിന്നുള്ള ഇകെ-503 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തന്നെ കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തെ മുഴുവന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശരീര സ്രവങ്ങളുടെ പരിശോധനയിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. മൂന്നു വയസുള്ള കുഞ്ഞും മാതാപിതാക്കളും എത്തിയ വിമാനത്തിലെ യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് നടത്തിവരുന്നുണ്ട്. എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍ 0484 2368802, ടോള്‍ ഫ്രീ നമ്പര്‍ 1056. പത്തനംതിട്ടയില്‍ നേരത്തെ കണ്‍ട്രോള്‍ റൂം തുറന്നിട്ടിണ്ട്. ആശങ്ക വേണ്ടെന്നും മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. കേരളത്തില്‍ നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. നേരത്തെ ചൈനയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.