• admin

  • February 4 , 2020

തിരുവനന്തപുരം : ഷൂട്ടിംഗ് രംഗത്ത് കേരളത്തിനും ഇന്ത്യയ്ക്കുമുള്ളത് മികച്ച സാധ്യതകളാണെന്ന് വ്യവസായ, കായിക യുവജനകാര്യ മന്ത്രി ഇ.പി. ജയരാജന്‍. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ കേരള ഷൂട്ടിംഗ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക കായികവേദികളില്‍രാജ്യത്തിന് തിളങ്ങാനാവുന്ന ഇനമാണ് ഷൂട്ടിംഗ്. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള മത്സരവേദികള്‍ ലക്ഷ്യമാക്കി ലോകോത്തര പരിശീലനം നല്‍കാന്‍ ഷൂട്ടിംഗ് അക്കാദമിയില്‍ സൗകര്യങ്ങളുണ്ട്. യുവാക്കളില്‍ കൂടുതല്‍ ആത്മവിശ്വാസവും കഴിവും ഉയര്‍ത്തിയെടുക്കാനും മനസും ശക്തിയും കേന്ദ്രീകരിച്ച് ഏകാഗ്രത വളര്‍ത്താനും ഈ കായികവിനോദം സഹായിക്കും. കായികരംഗത്തിന്റെ വികസനത്തിന് കേരള സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നത്. 1000 കോടി രൂപയാണ് കായികരംഗത്ത് വിനിയോഗിക്കുന്നത്. 44 ആധുനിക മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയങ്ങളാണ് കേരളമുടനീളം നിര്‍മിക്കുന്നത്. ഇതില്‍ 23 എണ്ണം പൂര്‍ത്തീകരിച്ചു. 33 നീന്തല്‍ക്കുളങ്ങള്‍ നിര്‍മാണത്തിലാണ്. മറ്റനേകം സൗകര്യങ്ങളാണ് കായികരംഗത്ത് ഒരുക്കിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാ മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് കലികേശ് നാരായണ്‍ സിങ് ദിയോ മുഖ്യാതിഥിയായിരുന്നു. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ സജ്ജമാക്കിയിട്ടുള്ള ഷൂട്ടിംഗ് അക്കാദമിയില്‍ അന്തര്‍ദേശീയ മത്സരങ്ങളായ ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ആധുനിക ഹൈബ്രിഡ് ഇലക്ട്രോണിക് ടാര്‍ജറ്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 3875 ചതുരശ്രമീറ്റര്‍ കെട്ടിടവും 5252 ചതുരശ്രമീറ്റര്‍ ഷൂട്ടിംഗ് ഏര്യയും ഉള്ള ഈ റേഞ്ചില്‍ 10 മീറ്റര്‍ റേഞ്ചില്‍ 60 പേര്‍ക്കും 20 മീറ്റര്‍, 50 മീറ്റര്‍ റേഞ്ചുകളില്‍ 40 പേര്‍ക്കും ഒരേ സമയം പരിശീലനം നടത്താം. 3.5 ഏക്കര്‍ സ്ഥലത്താണ് ഷൂട്ടിംഗ് റേഞ്ച് നിര്‍മിച്ചിട്ടുള്ളത്. ചെറിയപ്രായം മുതല്‍ കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കാന്‍ അക്കാദമി സഹായകമാകും. അക്കാദമിയില്‍ പ്രവേശനം ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി 10 വയസ്സാണ്. ഒരു ബാച്ചില്‍ 90 പേര്‍ക്ക് പ്രവേശനം നല്‍കും.