• admin

  • February 23 , 2020

കൊച്ചി :

കേരള അഡ്‌മിനിസ്ട്രേറ്റീവ്‌ സർവീസ്‌ (കെഎഎസ്‌) പരീക്ഷയ്‌ക്കായി ജില്ലയിലെത്തിയത്‌ നാൽപ്പതിനായിരത്തിലധികം ഉദ്യോഗാർഥികൾ. 172 കേന്ദ്രങ്ങളിലാണ്‌ പരീക്ഷ നടന്നത്‌. എല്ലാ കേന്ദ്രങ്ങളിലും പൊലീസിന്റെയും പ്രത്യേക സ്ക്വാഡിന്റെയും നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പരീക്ഷ പ്രതീക്ഷിച്ചതുപോലെ എളുപ്പമായിരുന്നില്ലെന്നാണ്‌ ഹാൾ വിട്ടിറങ്ങിയ പരീക്ഷാർഥികൾ ഏറെയും പ്രതികരിച്ചത്‌.

രാവിലെ പത്തുമുതൽ പന്ത്രണ്ടുവരെയായിരുന്നു ആദ്യഘട്ട പരീക്ഷ. പരീക്ഷയ്‌ക്കു മുമ്പായുള്ള ആദ്യ ബെല്ലിനു മുമ്പേ ഉദ്യോഗാർഥികൾ ഹാളിൽ പ്രവേശിച്ചു. മൊബൈൽഫോൺ, വാച്ച്  ഉൾപ്പെടെയുള്ളവ അനുവദിച്ചില്ല. ഹാൾ ടിക്കറ്റ്‌, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമാണ്‌ ഹാളിൽ അനുവദിച്ചത്‌. സാങ്കേതിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാൻ പരിശീലനം നേടിയ പിഎസ്‌സി ജീവനക്കാരനും പരീക്ഷാ കേന്ദ്രങ്ങളിലുണ്ടായിരുന്നു.

ഉച്ചയ്ക്ക് ഒന്നര മുതൽ മൂന്നരവരെ രണ്ടാംഘട്ട പരീക്ഷയും നടന്നു. രാവിലെ ചോദ്യപേപ്പറുമായി പരീക്ഷാ കേന്ദ്രത്തിലെത്തുന്ന പിഎസ്‍സി ജീവനക്കാരൻ രണ്ടു പരീക്ഷയും കഴിഞ്ഞതിനു ശേഷമേ പരീക്ഷാ കേന്ദ്രത്തിനു പുറത്തുപോകാവൂ എന്ന്‌ കർശന നിർദേശം നൽകിയിരുന്നു. പെൺകുട്ടികളാണ്‌ കൂടുതലായും പരീക്ഷയ്‌ക്കെത്തിയത്‌. തിങ്കളാഴ്ച ഉത്തരസൂചിക പ്രസിദ്ധീകരിക്കും.

ഉദ്യോഗാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിലെത്താൻ കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിരുന്നു. ശിവരാത്രിയോടനുബന്ധിച്ച്‌ ഒരുക്കിയ സർവീസുകൾ കെഎഎസ്‌ പരീക്ഷയ്‌ക്കായി പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങളിലേക്കും ബസുകൾ സർവീസ്‌ നടത്തി.