• Lisha Mary

  • March 6 , 2020

തിരുവനന്തപുരം : കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ സമരമെന്ന് യൂണിയനുകള്‍. അനിശ്ചിതകാല പണിമുടക്കിനാണ് യൂണിയനുകള്‍ ഒരുങ്ങുന്നത്. പണിമുടക്കുമായി ബന്ധപ്പെട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പണിമുടക്ക് നടത്തുമെന്ന് എഐടിയുസിയും ഐഎന്‍ടിയുസിയും സൂചിപ്പിച്ചു. ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്താല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കും. നടപടി സംബന്ധിച്ച് ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് യൂണിയനുകളുടെ മുന്നറിയിപ്പ്. ബസുകളുടെ പട്ടിക പൊലീസ് കൈമാറിയെങ്കിലും ഇതിലെ ജീവനക്കാര്‍ ആരൊക്കെയാണന്ന വിവരം കെ.എസ്.ആര്‍.ടി.സി നല്‍കിയിട്ടില്ല. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്കില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കില്ല. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും ശശീന്ദ്രന്‍ അറിയിച്ചു. മിന്നല്‍പ്പണിമുടക്കിനിടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയവരുടെ പേരില്‍ അവശ്യ സര്‍വീസ് നിയമപ്രകാരം (എസ്മ) പോലീസ് കേസെടുത്തു. ഇതില്‍ അമ്പതോളം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതികളായേക്കും. പോലീസുകാരനെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് കഴിഞ്ഞദിവസം അഞ്ചാളുടെ പേരില്‍ കേസെടുത്തിരുന്നു. ഇതില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. എ.ടി.ഒ. ജേക്കബ് സാം ലോപ്പസ്, ഇന്‍സ്പെക്ടര്‍ ബി. രാജേന്ദ്രന്‍, ്രൈഡവര്‍ കെ. സുരേഷ് കുമാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്തിമറിപ്പോര്‍ട്ട് നല്‍കിയേക്കും. കെഎസ്ആര്‍ടിസിക്കു വീഴ്ച സംഭവിച്ചെന്നും ബസുകള്‍ റോഡില്‍ നിരത്തിയിട്ടത് ഗുരുതര തെറ്റാണെന്നും കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസിക്ക് അവശ്യ സര്‍വീസ് നിയമം(എസ്മ) നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മിന്നല്‍സമരത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ സമയമെടുത്തെന്ന് ഫോര്‍ട്ട് സിഐ മൊഴി നല്‍കിയിട്ടുണ്ട്.