• Lisha Mary

  • March 9 , 2020

തിരുനെല്ലി : കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനത്തിനോട് ചേര്‍ന്നുള്ള മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നിര്‍ദ്ദേശം നല്‍കി. കുരങ്ങ് പനിമൂലം വീട്ടമ്മ മരിച്ച സാഹചര്യത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. റവന്യൂ, പഞ്ചായത്ത്, വനം, മൃഗ സംരക്ഷണം, ആരോഗ്യം എന്നീ വകുപ്പുകളോടും ആശ വര്‍ക്കര്‍മാരോടും കുരങ്ങ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപിച്ചു പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേഖലയിലെ മുഴുവന്‍ വീടുകളിലും വരും ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രതിരോധ കുത്തിവെയ്പ്പ് നടത്തും. ബോധവത്കരണവും പനി പരിശോധനയും ലേപന വിതരണവും ഇതോടനുബന്ധിച്ച് നടത്തും. വനത്തോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ താമസിക്കുന്നവരും കാടുകളില്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കണം. കുരങ്ങു പനി ചെള്ളിനെ അകറ്റിനിര്‍ത്തുന്ന മരുന്നുകളും ലേപനങ്ങളും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. കുരങ്ങുകള്‍ ചത്തു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പുകളെ വിവരം അറിയിക്കണം. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാണമെന്ന് ഒ. ആര്‍ കേളു എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.നൂന മര്‍ജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുരങ്ങ് പനി മൂലം മരിച്ച കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷിയുടെ വീട്ടിലും ജില്ല കളക്ടര്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.