• admin

  • February 13 , 2020

കോട്ടയം : കുട്ടികളുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിലെ ശിശു സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് കമ്മിറ്റി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റുമാരും മുനിസിപ്പല്‍ ചെയര്‍മാന്‍മാരും അധ്യക്ഷരായുള്ള കമ്മിറ്റിയുടെ കണ്‍വീനര്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരാണ്. സമിതിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്കെതിരെ ഉണ്ടാകാനിടയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തും. സമൂഹത്തില്‍ നിന്നോ സ്വന്തം വീട്ടില്‍ നിന്നോ ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും സഹായവും ലഭ്യമാക്കും. ലഹരിയുടെ പിടിയിലകപ്പെടാതെ കുട്ടികളെ സംരക്ഷിക്കുന്നതിന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അധ്യക്ഷന്‍മാരായി രൂപീകരിച്ചിട്ടുള്ള സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടിയെടുക്കും. പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കാലതാമസം വരുത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും. അധ്യാപകര്‍ക്കുള്ള ബി.ആര്‍.സി പരിശീലനത്തില്‍ പോക്‌സോ നിയമം സംബന്ധിച്ച ബോധവല്‍ക്കരണവും ഉള്‍പ്പെടുത്തും. ട്രെയിന്‍ യാത്രയ്ക്കിടയില്‍ നേരിടുന്ന അതിക്രമങ്ങളില്‍ അടിയന്തിര സഹായം ലഭിക്കുന്നതിനുള്ള ഫോണ്‍ നമ്പരുകള്‍ എല്ലാ ബോഗികളിലും രേഖപ്പെടുത്തേണ്ടതിന്റെ അനിവാര്യത റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തും. ബാലവേല നിരോധനം ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും കമ്മിറ്റി ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തി.