• Lisha Mary

  • March 15 , 2020

ദുബായ് : കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഗള്‍ഫ് നാടുകളുടെ ശ്രമങ്ങളുടെ ഭാഗമായി മേഖലയിലെങ്ങും കടുത്ത നിയന്ത്രണങ്ങള്‍. മാര്‍ച്ച് 17 മുതല്‍ യു.എ.ഇ. വിസാ വിതരണം നിര്‍ത്തി. സൗദിയില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചു. ഖത്തറില്‍ ഇതിനകം രോഗബാധിതരുടെ എണ്ണം 337 ആയി എന്നതാണ് ആശങ്ക പടര്‍ത്തുന്നത്. നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്ന പ്രവാസികളുമായി ബന്ധപ്പെട്ടിരുന്നവരാണ് ഇവര്‍. കുവൈത്തില്‍ ഒരു ഇന്ത്യക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാന്‍ ഒമാനില്‍ ഒരു മാസത്തേക്ക് വിദ്യാഭ്യാസസ്ഥപനങ്ങള്‍ അടച്ചു. ഞായറാഴ്ചമുതല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകമ്മിറ്റി നിര്‍ദേശിച്ചു. ഒരുമാസത്തേക്കാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചത്. രാജ്യത്ത് കൊറോണ ബാധിതര്‍ ഇരുപതായി ഉയര്‍ന്നു. റോയല്‍ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അതിനിടെ കോവിഡ്-19 ബാധിച്ച് ഒരാള്‍ മരിച്ചെന്ന പ്രചാരണം റോയല്‍ ആശുപത്രി നിഷേധിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗി ഐ.സി.യു.വില്‍ ചികിത്സയില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യു.എ.ഇ. നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവര്‍ക്കൊഴികെ മറ്റെല്ലാ വിസകളും നല്‍കുന്നത് യു.എ.ഇ. താത്കാലികമായി നിര്‍ത്തലാക്കി. മാര്‍ച്ച് 17-നുശേഷം പുതിയ വിസയില്‍ യു.എ.ഇ. യിലേക്ക് ആളുകള്‍ക്ക് പ്രവേശനമുണ്ടാവില്ല. ഇതിനകം വിസയെടുത്തവര്‍ക്ക് യാത്രാവിലക്കില്ല. യാത്രചെയ്യുന്നവര്‍ അതാത് കേന്ദ്രങ്ങളില്‍നിന്ന് വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി വൈറസ് ബാധിതരല്ലെന്ന് ഉറപ്പാക്കണം. ലബനന്‍, തുര്‍ക്കി, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും 17 മുതല്‍ റദ്ദാക്കി. ഷാര്‍ജയിലെ പൊതുപരിപാടികളും ആഘോഷങ്ങളും നിര്‍ത്തിവെക്കാന്‍ ഷാര്‍ജ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഉത്തരവിട്ടു. ശനിയാഴ്ച പ്രാബല്യത്തില്‍വന്ന ഉത്തരവ് ഈമാസം നീണ്ടുനില്‍ക്കും. പൊതുപരിപാടികളും ആഘോഷങ്ങള്‍ കൊണ്ടാടുന്ന എമിറേറ്റിലെ ഹാളുകള്‍, ഹോട്ടല്‍, സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കമ്യൂണിറ്റി ഹാളുകള്‍ എന്നിവിടങ്ങളെല്ലാം ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനാണ് തീരുമാനം. ഷാര്‍ജയിലെ പ്രധാന പൊതുപാര്‍ക്കുകളും അടച്ചിട്ടു. നാഷണല്‍ പാര്‍ക്ക്, അല്‍ മഹ്ദ, അബു ഷഗാര, അല്‍ ഫഹ്യ പാര്‍ക്കുകളായ ഒന്ന്, രണ്ട്, അല്‍ നഹ്ദ, അല്‍ മംസാര്‍, അല്‍ സഫിയ, അല്‍ നാസിറിയ, അല്‍ മനഖ്, അല്‍ നാദ, അല്‍ ഫിഷ്, അല്‍ റോള, സ്ത്രീകള്‍ക്ക് മാത്രമായ ഗ്രീന്‍ ബെല്‍റ്റ് എന്നീ പാര്‍ക്കുകളാണ് അടച്ചിട്ടത്. അബുദാബിയിലെ സാംസ്‌കാരിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിടാന്‍ വിനോദസഞ്ചാരവകുപ്പ് നിര്‍ദേശംനല്‍കി. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്, ലൂവ്ര് അബുദാബി, മനാറത് അല്‍ സാദിയാത്ത്, ഖസ്ര്‍ അല്‍ ഹൊസന്‍, കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, അല്‍ ഐന്‍ പാലസ് മ്യൂസിയം, അല്‍ ഐന്‍ ഒയാസിസ്, അല്‍ ജാഹിലി കോട്ട, ഖസ്ര്‍ അല്‍ മുവൈജി, ബൈത് അല്‍ ഔദ്, ബെര്‍ക്ലെ അബുദാബി, അല്‍ ഖതാര ആര്‍ട്ട് സെന്റര്‍, വാര്‍ണര്‍ ബ്രോസ്, യാസ് വാട്ടര്‍വേള്‍ഡ്, ഫെറാരി വേള്‍ഡ്, ക്ലൈമ്പ് എന്നീ കേന്ദ്രങ്ങള്‍ ഞായറാഴ്ച മുതല്‍ മാര്‍ച്ച് 31-വരെ അടച്ചിടും. ഖത്തര്‍ ഖത്തറില്‍ 17 പേര്‍ക്കുകൂടി ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതൊടെ മൊത്തം രോഗബാധിതരുടെ എണ്ണം 337 ആയി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്ള മുന്‍കൂര്‍ അപ്പോയിന്‍മെന്റുകള്‍ മുഴുവന്‍ റദ്ദാക്കി. ഹമദ് ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനസമയം 15 മിനിറ്റ് മാത്രമാക്കി ചുരുക്കി. ഈയിടെ തുറന്ന അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചു. ബഹ്റൈന്‍ ബഹ്റൈനില്‍ ശനിയാഴ്ച പതിനാറ്ുപേരെകൂടി രോഗവിമുക്തരായി ഐസലോഷന്‍ വാര്‍ഡില്‍നിന്ന് മാറ്റി. ഇതോടെ രോഗവിമുക്തരായവര്‍ ആറുപതായി. സല്‍മാബാദില്‍ ഒരു ലേബര്‍ക്യാമ്പില്‍ നാനൂറ്് തൊഴിലാളികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ആര്‍ക്കും രോഗലക്ഷണമില്ല. വൈറസ് ബാധിച്ച ഒരാളുമായി ഇവര്‍ ഇടപഴകിയതിനെത്തുടര്‍ന്നാണ് പരിശോധന. രോഗമില്ലെങ്കിലും ഇവരെ രണ്ടാഴ്ചത്തേക്ക് കോറന്റൈന്‍ ചെയ്യും. പൊതുയോഗങ്ങളും സംഗമങ്ങളും ഒഴിവാക്കാന്‍ ബഹ്റൈന്‍ സാമൂഹികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇതൊടെ പ്രവാസിസംഘടനകളെല്ലാം പരിപാടികള്‍ റദ്ദാക്കി. സ്‌കൂളുകള്‍ മാര്‍ച്ച് 29-വരെ അടച്ചെങ്കിലും സി.ബി.എസ്.ഇ. പരീക്ഷ നടക്കുന്നുണ്ട്. കാണികള്‍ കുറവാണെങ്കിലും സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. സൗദി അറേബ്യ സൗദി അറേബ്യയിലെ കായികപ്രവര്‍ത്തനങ്ങള്‍, ജിംനേഷ്യം തുടങ്ങിയവയുടെ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സൗദി കായിക മന്ത്രാലയം ഉത്തരവിട്ടു. വിദേശരാജ്യങ്ങളില്‍നിന്ന് സൗദിയിലേക്കെത്തുന്ന കറന്‍സികളും നാണയങ്ങളും പൂര്‍ണമായും അണുമുക്തമാക്കുന്നുണ്ടെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) വ്യക്തമാക്കി. കറന്‍സികള്‍ കൈകാര്യംചെയ്യുമ്പോള്‍ വ്യക്തിപരമായ ശുചിത്വനടപടികള്‍ പാലിക്കണം, കറന്‍സികള്‍ ഉപയോഗിച്ചാല്‍ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം. കുവൈത്ത് കുവൈത്തില്‍ ആദ്യമായി ഒരു ഇന്ത്യക്കാരന് ശനിയാഴ്ച കൊറോണരോഗം സ്ഥിരീകരിച്ചു. ഇയാള്‍ അസര്‍ബൈജാനില്‍ നിന്നെത്തിയ രോഗബാധിതനുമായി ബന്ധപ്പെട്ടിരുന്നു. നാലു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതര്‍ 104 ആയി.