• admin

  • January 31 , 2020

കല്‍പ്പറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി ഫണ്ട് വകയിരുത്തിയുള്ള പ്രവൃത്തികളുടെ നിര്‍വ്വഹണ പുരോഗതി രാഹുല്‍ഗാന്ധി എം.പി അവലോകനം ചെയ്തു. മണ്ഡലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 1 കോടി 11 ലക്ഷം രൂപയില്‍ 8 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. പടിഞ്ഞാറത്തറ, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണം, പുത്തുമല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണം, പൂമല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ക്ലാസ്സ് റൂം നിര്‍മ്മാണ പ്രവൃത്തികള്‍, കണിയാരം ടി.ടി.ഐയില്‍ ടോയ്ലറ്റ് നിര്‍മ്മാണം, കോട്ടത്തറ പഞ്ചായത്തിലെ പി.എച്ച്.സി നിര്‍മ്മാണം തുടങ്ങിയവ വേഗത്തിലാക്കാന്‍ എം.പി നിര്‍ദേശം നല്‍കി. നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്ററിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിന് മാറ്റി വകയിരുത്താനും വാളാട് സ്‌കൂളിലേക്ക് ലാപ്ടോപ്പ്, കല്‍പ്പറ്റ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് സ്‌കൂള്‍ ബസ്, മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് ഡിജിറ്റല്‍ എക്സ്റേ, സി.ആര്‍ മെഷീനുകള്‍, മീനങ്ങാടി നൂല്‍പ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റുകളിലേക്ക് ജീപ്പ് തുടങ്ങിയവ ഉടന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാനും അദ്ദേഹം നിര്‍ദേശിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോഴിക്കോട് മുക്കം ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പാലിയേറ്റീവ് സെന്ററാക്കി മാറ്റുന്നതിനും, മലപ്പുറം സീതി ഹാജി മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് പുതിയതായി ഡയാലിസിസ് യൂണിറ്റ് അനുവദിക്കുന്നതിനും തുക വകയിരുത്തി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്രാ നായര്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.