സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കാഴ്ചപരിമിതര്‍ക്ക് ഉള്‍ക്കാഴ്ച ഒരുക്കുന്ന 'കാഴ്ച' പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോദ്ഘാടനവും കാഴ്ച പദ്ധതി പരിശീലനോദ്ഘാടനവും പി. കെ ശശി എം.എല്‍.എ. നിര്‍വഹിച്ചു. ഭിന്നശേഷിക്കാരെ സ്വയം ഉള്‍വലിയുന്ന ജീവിതാവസ്ഥയില്‍ നിന്നും മാറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന ഏറ്റവും മനുഷ്യ സ്‌നേഹപരമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കാഴ്ചയുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം കാഴ്ച പരിമിതിയുള്ളവര്‍ക്കും ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് പദ്ധതി. രാജ്യത്തെ ഈ ദിശയിലുള്ള  ആദ്യ സംരംഭമായ കാഴ്ച എച്ച് പദ്ധതിയിലൂടെ കാഴ്ചപരിമിതിയുള്ളവര്‍ക്ക് പ്രത്യേക സോഫ്ട്‌വെയറോടുകൂടിയ  സ്മാര്‍ട്ട് ഫോണുകള്‍ ആണ് വിതരണം ചെയ്തത്. 3ജി, 4ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രം-പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷ പഠനസഹായികള്‍, സംസാരിക്കുന്ന റൂട്ട് മാപ്പ് എന്നിവ ഇവര്‍ക്ക് പരാശ്രയമില്ലാതെ വിരല്‍ത്തുമ്പിലാക്കാം. കാഴ്ചപരിമിതിയുള്ള ഒരാള്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും പോകാനുള്ള ദിശയറിയാനും മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന സ്മാര്‍ട്ട് ഫോണ്‍ പരിശീലന പരിപാടിയില്‍ 100 പേരാണ് പങ്കെടുത്തത്. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച കാഴ്ച പരിമിതരായ 20 മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലനം നല്‍കിയത്. സജീവന്‍, ഭരത്, കലേഷ്, രമിത് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം കൊടുത്തു. ജില്ലയില്‍ നിന്ന് 100 പേര്‍ക്കാണ് ഫോണുകള്‍ വിതരണം ചെയ്തത്. ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ സിം കാര്‍ഡുകളും ഇതോടൊപ്പം സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പുകളുടെ വിതരണം നേരത്തെ നടത്തിയിരുന്നു.