• Lisha Mary

  • March 6 , 2020

ന്യൂഡല്‍ഹി :

തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) നിക്ഷേപത്തിനു നടപ്പു സാമ്പത്തികവര്‍ഷം എട്ടരശതമാനം പലിശ നല്‍കാന്‍ ഇ.പി.എഫ്. ട്രസ്റ്റ്‌ (സി.ബി.ടി)യോഗം ശുപാര്‍ശ ചെയ്തു. 2018-’19 സാമ്പത്തികവര്‍ഷം 8.65 ശതമാനമായിരുന്നു പലിശ. സി.ബി.ടി.യുടെ തീരുമാനം ഇനി ധനമന്ത്രാലയം അംഗീകരിക്കേണ്ടതുണ്ട്.

ഏഴുവര്‍ഷത്തിനിടെ ആദ്യമായാണ് ഇ.പി.എഫ്. പലിശനിരക്ക് ഇത്ര താഴുന്നത്. 2012-’13ലാണ് ഇതിനുമുമ്പ് പലിശ എട്ടരശതമാനമായി കുറഞ്ഞത്. വ്യാഴാഴ്ചരാവിലെ ചേര്‍ന്ന സി.ബി.ടി.യുടെ സാമ്പത്തികകാര്യ ഉപസമിതി 8.45 ശതമാനം പലിശ നല്‍കാനാണ് ശുപാര്‍ശ ചെയ്തത്. ഉപസമിതിക്കു പിന്നാലെ തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.ബി.ടി.യുടെ സമ്പൂര്‍ണയോഗം പലിശ 8.5 ശതമാനമാക്കണമെന്ന് തീരുമാനിച്ചു.

പി.എഫ്. തുക നിക്ഷേപിച്ചവകയില്‍ ഇക്കൊല്ലം ലഭിച്ച വരുമാനം 61,500 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തേതുപോലെ 8.65 ശതമാനം പലിശ നല്‍കിയാല്‍ അതില്‍ 2300 കോടി രൂപയുടെ കമ്മിയുണ്ടാകും. പലിശ 8.45 ശതമാനമാക്കിയാല്‍ 3500 കോടി രൂപയുടെ മിച്ചം പ്രതീക്ഷിക്കാമെന്ന് സമിതി ചൂണ്ടിക്കാട്ടി. നിക്ഷേപംവഴി ലഭിച്ച വരുമാനത്തിലുണ്ടായ കുറവ്, പൊതുവിലുള്ള സാമ്പത്തികസ്ഥിതി, കൊറോണ വ്യവസായമേഖലയെ ബാധിക്കാനുള്ള സാഹചര്യം മുതലായവ കണക്കിലെടുത്താണ് പലിശ 8.45 ശതമാനമായി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന് ഉപസമിതി അംഗവും സി.ബി.ടി.യിലെ തൊഴിലുടമകളുടെ പ്രതിനിധിയുമായ രഘുനാഥന്‍ പറഞ്ഞു. എന്നാല്‍, ഇതിൽ ചെറിയവർധനയ്ക്കു മന്ത്രി നിർദേശിച്ചു.