• Lisha Mary

  • April 10 , 2020

കണ്ണൂര്‍ : പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല...കുതിക്കാനാ...മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ നെഞ്ചിലേറ്റിയ, കാഴ്ചക്കാരെ കൊടുമ്പിരി കൊള്ളിച്ച പുലിമുരുകനിലെ ആ മാസ്സ് ഡയലോഗ് ഓര്‍ക്കുന്നില്ലേ? മലയാളത്തിന്റെ പ്രിയനടനും കണ്ണൂരിന്റെ സ്വന്തം കലാകാരനുമായ സന്തോഷ് കീഴാറ്റൂരിന് പറയാനുള്ളതും ഇത് തന്നെയാണ്. കോവിഡ് 19 എന്ന മഹാമാരിയെ നേരിടാനായി നാം ഇന്ന് പല നിയന്ത്രണങ്ങളും പാലിക്കുകയാണ്. വീടുകളില്‍ അടങ്ങിക്കഴിയുകയാണ്. ഇതൊരു ഒളിച്ചിരിപ്പല്ല...നമ്മുടെ നാട് വലിയൊരു വിപത്തില്‍ നിന്നും മുക്തി നേടി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പുകളാണ് ഇതെന്ന് നാം ഓരോരുത്തരും ഓര്‍ക്കണം. ഈ പ്രതിസന്ധിയെ നാം അതിജീവിക്കും- അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ജില്ലാ പഞ്ചായത്തിന്റെ ഹോംഡെലിവറി കോള്‍ സെന്ററില്‍ എത്തിയതായിരുന്നു താരം. മണിക്കൂറുകളോളം കോള്‍ സെന്ററില്‍ വളണ്ടിയറായി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് താന്‍ പുറത്തിറങ്ങിയതെന്നും നിയന്ത്രണങ്ങള്‍ ഒക്കെ പാലിച്ച് വീട്ടില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാണാന്‍ വിട്ടു പോയ സിനിമകളും, വായനയും, ഇത്തിരി പാചകവും, വീട്ടിലെ കൃഷിയുമായാണ് കീഴാറ്റൂരിന്റെ ലോക്ക് ഡൗണ്‍ ജീവിതം കടന്ന് പോകുന്നത്. നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകളിലും ഒക്കെയായി കുറേ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികളുമായും മുതിര്‍ന്നവരുമായും സംസാരിക്കുന്നത് ലോക്ക് ഡൗണ്‍ ദിനങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതായി താരം പറയുന്നു. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള പ്രിയനടനോട് അല്‍പ നേരം സംസാരിക്കാന്‍ അവസരം കിട്ടിയ ത്രില്ലിലായിരുന്നു അവശ്യ സാധനങ്ങള്‍ക്കായി കോള്‍ സെന്ററുമായി ബന്ധപ്പെട്ടവര്‍. സിനിമ നടനാണെന്ന് പറയാതെയാണ് കോളുകള്‍ സ്വീകരിച്ചത്. സാധനങ്ങളുടെ പട്ടിക എഴുതിയ ശേഷം താന്‍ സന്തോഷ് കീഴാറ്റൂര്‍ ആണെന്ന് പരിചയപ്പെടുത്തി. പുലിമുരുകന്റെ അച്ഛനല്ലേ, വിക്രമാദിത്യനിലെ കുഞ്ഞുണ്ണിയല്ലേ എന്ന് മറുചോദ്യങ്ങളും. അതേ എന്ന് ചിരിച്ചുകൊണ്ട് മറുപടി. മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ നെഞ്ചിലേറ്റിയ പുലിമുരുകന്റെ അച്ഛനെ ആരും മറക്കില്ല. സാധനങ്ങളുടെ വിവര പട്ടിക ചോദിച്ചത് മലയാളത്തിന്റെ പ്രിയനടനാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഏറെ സന്തോഷം. അല്പനേരം കുശലാന്വേഷണം നടത്തി വീട്ടില്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കൂ എന്ന വാക്കുകളോടെ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചത്. വിളിച്ച നമ്പര്‍ മാറിയോ ആരെങ്കിലും പറ്റിക്കുകയാണോ എന്ന് ചിന്തിച്ചവരും ഉണ്ട്. ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററിന്റെ ഭാഗമാകാനും കുറച്ച് പേര്‍ക്കെങ്കിലും സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കീഴാറ്റൂര്‍ പറഞ്ഞു. ഇത്തരമൊരു കോള്‍ സെന്ററിന്റെ ആവശ്യമെന്താണെന്നും ജനങ്ങള്‍ക്ക് ഇത് എത്രത്തോളം ഗുണകരമാണെന്നും ഇവിടെ എത്തുന്ന ഓരോ കോളുകളില്‍ നിന്നും അവരുടെ ആവശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞു. പല ബുദ്ധിമുട്ടുകളും ഈ ലോക്ക് ഡൗണ്‍ കാലത്ത് നേരിടേണ്ടി വരും എന്നാല്‍ ഇതെല്ലാം ഒരു മഹാവിപത്തില്‍ നിന്നും മുക്തി നേടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് കരുതി ഭരണകൂടവുമായി നാം പൂര്‍ണമായി സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ നാലായിരത്തോളവും വിവിധ തദ്ദേസ്ഥാപനങ്ങളിലുമായി മൂവായിരത്തോളം കോളുകളുമായി ജില്ലയിലെ കോള്‍ സെന്ററുകളില്‍ ഏഴായിരത്തോളം കോളുകളാണ് ഇതുവരെ ലഭിച്ചത്.