• admin

  • February 25 , 2020

കോട്ടയം :

ഇന്ന് സംസ്ഥാനത്തിന്റെ മിക്ക ഭാ​ഗങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ എന്നീ നാല് ജില്ലകളിൽ ഇന്ന് ശരാശരിയെക്കാൾ അധികം ചൂട് രേഖപ്പെടുത്തും. രണ്ട് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. ഇവിടെ മാസത്തെ അവസാന ഞായറാഴ്ച 38.5 ഡിഗ്രിയാണ് റബ്ബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൈറ്റിലും ഇതേ കണക്കാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നാം തിയതി 38.4 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ കർണാടകയിലെ കൽബുർഗിയാണ് കോട്ടയത്തിന് പിന്നിൽ. 

ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. 37 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്. പുനലൂരിൽ 36.6 ഡി​ഗ്രിയും കോട്ടയത് 36.4 ഡി​ഗ്രിയുമായിരുന്നു. ഈ മാസം കോട്ടയത്ത് 10 തവണ ചൂട് 37 ഡിഗ്രി കടന്നു.