• Lisha Mary

  • March 11 , 2020

തിരുവനന്തപുരം : നഗരപ്രദേശങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങളും സംഘടിത ആക്രമണങ്ങളും നേരിടാന്‍ പ്രധാന കേന്ദ്രങ്ങളില്‍ അര്‍ബന്‍ കമാന്‍ഡോകള്‍ ഉടന്‍. നാലുറെയ്ഞ്ചുകളില്‍ നിലവിലുള്ള 'ക്വിക്ക് റെസ്‌പോണ്‍സ്' ടീമിനെ ഇതിനായി നിയോഗിക്കും. ആദ്യഘട്ടത്തില്‍ സംഘത്തില്‍ 120 കമാന്‍ഡോ ഉണ്ടാകും. ഇതുവരെ ക്രമസമാധാനപാലനത്തിന് മാത്രമാണ് കമാന്‍ഡോകളെ നിയോഗിച്ചിരുന്നത്. രാജ്യത്ത് നഗരങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടുവരുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്ലീപ്പിങ് സെല്ലുകളും പ്രവര്‍ത്തിക്കുന്നു. ഇവരുടെ നേതൃത്വത്തില്‍ ആക്രമണത്തിനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ലോക്കല്‍ പോലീസിനുമാത്രം ആക്രമണം തടയാനാകില്ല. അതിനാലാണ് റേഞ്ച് ഐജിമാര്‍ക്ക് കീഴില്‍ അര്‍ബന്‍ കമാന്‍ഡോ വിഭാഗം രൂപീകരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാകും ആദ്യം ഇവരുടെ കേന്ദ്രം. പിന്നീട് ചില പ്രധാന ബറ്റാലിയനുകളിലും ഈ കമാന്‍ഡോ സംഘത്തെ നിയോഗിക്കും. വനിതാ കമാന്‍ഡോകളും സംഘത്തിലുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതോടൊപ്പം പ്രത്യേക ഇന്റലിജന്‍സ് സംവിധാനവും ഏര്‍പ്പെടുത്തും. മാവോയിസ്റ്റ് സാന്നിധ്യമുള്ള പശ്ചിമഘട്ട വനമേഖലയോടുചേര്‍ന്ന പോലീസ് സ്റ്റേഷനുകളില്‍ നേരത്തെതന്നെ ആന്റി നക്സല്‍ ഫോഴ്സ്(എഎന്‍എഫ്) ഉണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് അര്‍ബന്‍ കമാന്‍ഡോയുടെ സേവനം ആവശ്യം വരില്ല. പാലക്കാട് മുതല്‍ വയനാട് വരെയുള്ള അഞ്ച് ജില്ലകളിലെ വനത്തോട് ചേര്‍ന്ന പോലീസ് സ്റ്റേഷനുകളിലാണ് എഎന്‍എഫുള്ളത്. ഇവിടെ പ്രത്യേക ഇന്റലിജന്‍സ് സംവിധാനവുമുണ്ട്.