തിരുവനന്തപുരം :
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിലവില്‍ വന്ന ഹൈടെക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. പദ്ധതിയുടെ ഭാഗമായി സമഗ്ര ഇ-ലൈബ്രറി, ഇ-ലാംഗ്വേജ് ലാബ്, ഇ-ബ്രോഡ്കാസ്റ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി. വ്യക്തിഗത ആശയവിനിമയത്തിനുള്ള നൈപുണികള്‍ക്കൊപ്പം തങ്ങളുടെ ചിന്തകളും വികാരങ്ങളും വാമൊഴിയിലൂടെയും എഴുത്തിലൂടെയും അര്‍ത്ഥവത്തായ രീതിയില്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കാന്‍ ഇ-ക്യൂബ് ഇംഗ്ലീഷ് അവസരമൊരുക്കുമെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഇ-ക്യൂബ് (E3 = Enjoy, Enhance & Enrich) ഇംഗ്ലീഷിലെ 'സമഗ്ര ഇ-ലൈബ്രറി'യുടെ ഭാഗമായി സമഗ്ര പോര്‍ട്ടല്‍ വഴി ലോക നിലവാരമുള്ള ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഡിജിറ്റല്‍ ലൈബ്രറി സജ്ജമാക്കും. നിലവില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലേക്ക് കുട്ടികളുടെ വായനാതലം അനുസരിച്ച് കളര്‍ ചിത്രങ്ങളോടുകൂടി ആസ്വാദ്യകരമായ ഇരുന്നൂറോളം പുസ്തകങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിക്കഴിഞ്ഞു. ഈ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലാബുകളില്‍ സ്വന്തമായും അധ്യാപകരുടെ സഹായത്തോടെയും വായിക്കാം. വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്ന തിനും പഠനം കൂടുതല്‍ രസകരമാക്കുന്നതിനും ഇതുവഴി അവസരമൊരുങ്ങും.
പഠനാനുഭവങ്ങള്‍ ഇ-ലാംഗ്വേജ് ലാബിന്റെ രൂപത്തില്‍ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ രണ്ടാമത്തെ ഘടകം. ഓരോ കുട്ടിക്കും തന്റെ പഠനവേഗതയ്ക്കനുസരിച്ച് ഇംഗ്ലീഷ് കേള്‍ക്കാനും വായിക്കാനും സംസാരിക്കാനുമുള്ള അവസരം കൈറ്റ് തയ്യാറാക്കിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാകും. ഇംഗ്ലീഷ് റൈമുകള്‍, പാട്ടുകള്‍, ഉച്ചാരണം, വാക്കുകള്‍, വ്യാകരണം എന്നിവ സമ്പുഷ്ഠമാക്കാന്‍ ഇ-ലാംഗ്വേജ് ലാബിലുടെ കുട്ടികള്‍ക്ക് അവസരം ലഭിക്കും. ഓരോ കുട്ടിയുടെയും കഴിവും പോരായ്മയും പരിഗണിച്ചു കുട്ടിയ്ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്നവിധം അധ്യാപകരെ പര്യാപ്തരാക്കും.
ഇംഗ്ലീഷ് ഭാഷ പ്രായോഗിക സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുന്ന തരത്തില്‍ ഇന്ററാക്ടീവ് രീതിയില്‍ ഇംഗ്ലീഷ് വിനിമയ നൈപുണികള്‍ നേടിയെടുക്കാന്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ കൂടി പ്രയോജനപ്പെടുത്തുന്നതാണ് ഇ-ബ്രോഡ്കാസ്റ്റ് എന്ന മൂന്നാമത്തെ ഘടകം. വിവിധ സന്ദര്‍ഭങ്ങളില്‍ ഭാഷ ഒഴുക്കോടെയും കൃത്യതയോടെയും ഉപയോഗിക്കാനുള്ള നൈപുണികള്‍ ഇതുവഴി കുട്ടികള്‍ക്ക് ലഭിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ എസ്.സി.ഇ.ആര്‍.ടിയുടെ അക്കാദമിക പിന്തുണയോടെയാണ് കൈറ്റ് മുഴുവന്‍ കുട്ടികളിലേക്കുമെത്തുന്ന തരത്തില്‍ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി നടപ്പാക്കുന്നത്. വരുന്ന അവധിക്കാലത്ത് ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഇ-ക്യൂബ് ഇംഗ്ലീഷിന്റെ പ്രത്യേക പരിശീലനം നല്‍കി അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.