• admin

  • February 16 , 2020

കണ്ണൂർ :

ആറളം ഫാം സ്കൂൾ ‘അഗോറ’ പദ്ധതിക്ക് കെ കെ രാഗേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 2.5 കോടി രൂപയുടെ ഭരണാനുമതി. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയിലാണ്‌ സ്‌കൂൾ. ഇവിടത്തെ വിദ്യാർഥികളിൽ 90 ശതമാനവും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്‌. 40 കോടി രൂപ ചെലവിൽ സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്താനുള്ള കർമപദ്ധതിക്ക്‌ കെ കെ രാഗേഷ് എംപിയുടെ നേതൃത്വത്തിൽ രൂപം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ്‌ 2.5 കോടിയുടെ വികസനം.  കലക്ടർ ഭരണാനുമതി നൽകിയ 2.5 കോടി ഉപയോഗിച്ച്‌  വിപുലമായ കംപ്യൂട്ടർ സെന്ററും  വിദ്യാർഥികൾക്കായുള്ള കോമൺ ഫെസിലിറ്റി സെന്ററും ഭരണ വിഭാഗം കെട്ടിടവും ലൈബ്രറി–ലബോറട്ടറി കെട്ടിടവുമാണ് ഒരുക്കുക.  എട്ടുമാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. 

സ്‌കൂളിന് സ്വന്തമായി സ്ഥലമില്ലാത്തതായിരുന്നു സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രധാന പ്രതിബന്ധം.  പട്ടികവർഗ വകുപ്പ്‌ അധികൃതരും ആറളാം ഫാം മാനേജ്‌മെന്റ്‌ പ്രതിനിധികളും പങ്കെടുത്ത  യോഗത്തിൽ കൃഷിക്ക്‌ അനുയോജ്യമല്ലാത്ത 23 ഏക്കർ സ്ഥലം സ്കൂളിന് വിട്ടു കൊടുക്കാൻ തീരുമാനമായി.   

ആഗോളനിലവാരത്തിൽ സ്‌പോർട്‌സിന് പ്രാധാന്യം നൽകിയാണ് ആറളാം ഫാം സ്കൂൾ വികസിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തുറസ്സായ സ്ഥലം എന്നർഥം വരുന്ന ഗ്രീക്ക്‌ പദമാണ്‌ അഗോറ.  എല്ലാ സ്രോതസ്സുകളിലും പദ്ധതി അവതരിപ്പിച്ച് അംഗീകാരം വാങ്ങുമെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. കിഫ്ബി പദ്ധതിയിൽനിന്ന് ഒരു  കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. മുണ്ടേരി സ്‌കൂൾ മാതൃകയിൽ 10 കോടി രൂപയുടെ സിഎസ്‌ആർ  പദ്ധതികൾക്കു വേണ്ടിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.