• admin

  • January 6 , 2020

: ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധത്തിന് സാധ്യത മുന്നില്‍ക്കണ്ട് തങ്ങളുടെ മണ്ണ് ആരെയും ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും വ്യക്തമാക്കി. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇറാനെ ആക്രമിക്കുന്നതിന് അമേരിക്കയ്ക്ക് സൗകര്യം ചെയ്യില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ക്കെതിരെയും ഉപയോഗിക്കുന്നതിന് തങ്ങളുടെ മണ്ണ് അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍ സൈനികവക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. പാകിസ്ഥാന്‍ ആരുടെയും പക്ഷത്തല്ലെന്നും സമാധാനത്തിന്റെ ഭാഗത്താണെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് ആസിഫ് ഗഫൂര്‍ പറഞ്ഞു. സുലൈമാനിയുടെ കൊലപാതകത്തോടെ മേഖലയിലെ സ്ഥിതിഗതി മാറിയെന്നും വര്‍ധിച്ചുവരുന്ന പിരിമുറുക്കത്തില്‍ ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു. ആര്‍ക്കെതിരെയും ആക്രമണത്തിന് തങ്ങളുടെ രാജ്യം അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഘനിയും വ്യക്തമാക്കി. അതേസമയം, മേഖലയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ സൗദി അറേബ്യ ഖാസിം സുലൈമാനി വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. ബാഗ്ദാദില്‍ ഡ്രോണ്‍ ആക്രമണത്തിനുമുമ്പ് അമേരിക്ക തങ്ങളുമായി കൂടിയാലോചിച്ചില്ലെന്ന് പേര് വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. യുദ്ധമുണ്ടായാല്‍ ഏറ്റവും ബാധിക്കുന്ന രാജ്യമാണ് ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന സൗദി അറേബ്യ.